സഞ്ജു സാംസണെ മറികടന്ന് രോഹിത് ശര്‍മ ആദ്യ മൂന്നില്‍! ഗില്ലിന് തിരിച്ചടി; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു
റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ രോഹിത്തിന് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ 297 റണ്‍സാണ് മുംബൈ ഓപ്പണര്‍ക്കുള്ളത്. 49.50 ശരാശരിയും 164.09 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു സാംസണെ മറികടന്ന് മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 25 പന്തില്‍ 36 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ രോഹിത്തിന് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ 297 റണ്‍സാണ് മുംബൈ ഓപ്പണര്‍ക്കുള്ളത്. 49.50 ശരാശരിയും 164.09 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. ഏഴ് മത്സരങ്ങളാണ് ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ കളിച്ചത്. 72.20 ശരാശരിയുണ്ട് കോലിക്ക്. സ്ട്രൈക്ക് റേറ്റ് 147.34. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗ് നേടിയത്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്ട്രൈക്ക് റേറ്റ് 161.42.
രോഹിത്തിന്റെ കുതിപ്പോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്് താരം സുനില്‍ നരെയ്ന്‍ നാലാം സ്ഥാനത്തേക്ക് വീണു. ആറ് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സാണ് നരെയ്‌നുള്ളത്. സ്പിന്നറായ നരെയ്ന്റെ പേര് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ പോലും കാണില്ല. ഏഴ് വിക്കറ്റാണ് ഇതുവരെയുള്ള സമ്പാദ്യം. അപ്പോഴാണ് താരം റണ്‍വേട്ടക്കാരില്‍ നാലാമനായത്. അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ 109 റണ്‍സ് നേടിയതോടെയാണ് നരെയ്ന്‍ നാലാമതെത്തിയത്. 276 റണ്‍സുള്ള സഞ്ജുവും നരെയ്‌നും ഒപ്പത്തിനൊപ്പമാണ്. നരെയ്‌നേക്കാള്‍ ഒരു ഇന്നിംഗ്‌സ് കൂടുതല്‍ സഞ്ജു കളിച്ചിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിലും പിന്നില്‍. ഇതുതന്നെയാണ് കൊല്‍ക്കത്ത താരത്തെ സഞ്ജുവിന് മുന്നിലാക്കിയത്. 155.05 സ്ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആറാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ 263 റണ്‍സാണ് ഗില്‍ നേടിയത്. 43.83 ശരാശരിയും 151.15 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗില്‍ എട്ട് റണ്‍സിന് പുറത്തായിരുന്നു. ആര്‍സിബിക്കെതിരെ 31 ബോളില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ ഏഴാം സ്ഥാനത്താണ്. സീസണിലാകെ ആറ് മത്സരങ്ങളില്‍ 253 റണ്‍സാണ് ക്ലാസന്‍ നേടിയത്. രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ എട്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്‌ക്കെതിരായ സെഞ്ചുറിയോടെ ജോസ് ബട്‌ലര്‍ റണ്‍വേട്ടക്കാരില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്ലര്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയാണ് ഒമ്പതാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 242 റണ്‍സാണ് ദുബെ നേടിയത്. ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ (238) പത്താം സ്ഥാനത്താണ്.