ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം, 'ഒരിക്കല്‍ കൂടി, സിഡ്‌നിയില്‍ നിന്ന് വിട' എന്ന രോഹിത് ശര്‍മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.
സിഡ്‌നി: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്നി ഏകദിനത്തിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ തന്നെയായിരുന്നു. മത്സരത്തില്‍ 125 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഓസ്ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38.3 ഓവറില്‍ മറികടന്നു.
മത്സരത്തിന് ശേഷം രോഹിത് ഓസ്‌ട്രേലിയയെ കുറിച്ചും കാണികളെ കുറിച്ച് സിഡ്‌നി ഗ്രൗണ്ടിനെ കുറിച്ചുമൊക്കെ വാചാലനായിരുന്നു. ''ഞാനെപ്പോഴും ഓസ്ട്രേലിയ ഇഷ്ടപ്പെടുന്നു. സിഡ്നിയില്‍ കളിക്കുന്നത് എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. 2008ലാണ് ഞാന്‍ ആദ്യമായി ഓസ്ട്രേലിയ സന്ദര്‍ശിച്ചത്, അന്ന് മുതലുള്ള ഓര്‍മകള്‍ കൂടെയുണ്ട്. ക്രിക്കറ്ററായി ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. വിരാട് കോലിക്കും അങ്ങനെ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. നന്ദി ഓസ്ട്രേലിയ...'' എന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രോഹിത് പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. 'അവസാനമായി ഒരിക്കല്‍ കൂടി, സിഡ്‌നിയില്‍ നിന്ന് വിട പറയുന്നു.' രോഹിത് കുറിച്ചിട്ടു. കൂടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രവും രോഹിത് പോസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത്തിന്റെ പോസ്റ്റ് കാണാം...
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിത് തന്നെ. അതിന് പരമ്പരയിലെ താരമായും രോഹിത് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. അഞ്ച് സിക്സും 21 ഫോറും രോഹിത് നേടി. മത്സരത്തിന് ശേഷം ഓസ്ട്രേലിയയോട് നന്ദി പറഞ്ഞാണ് രോഹിത് മടങ്ങിയത്.



