Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്; സൂപ്പര്‍താരം തിരിച്ചെത്തി

ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേഡ്, പേസര്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

West Indies announce 13 member squad for ODI Series against India Jason Holder returns
Author
Trinidad and Tobago, First Published Jul 18, 2022, 11:58 AM IST

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള(WI vs IND ODIs 2022) 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്(West Indies ODI Squad). സീനിയര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനെ(Jason Holder) തിരിച്ചുവിളിച്ചതാണ് ശ്രദ്ധേയം. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ത്രീ ഫോര്‍മാറ്റ് താരമെന്ന നിലയില്‍ ഹോള്‍ഡര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. പരമ്പരയില്‍ 3-0ന് വിന്‍ഡീസ് തോറ്റിരുന്നു. 

'സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജേസന്‍ ഹോള്‍ഡറുടെ തിരിച്ചുവരവ് സന്തോഷം നല്‍കുന്നതാണ്. വിശ്രമം കഴിഞ്ഞ് ഊര്‍ജസ്വലനായാണ് അദ്ദേഹം വരുന്നത്. മൈതാനത്തും പുറത്തും ഹോള്‍ഡറില്‍ നിന്ന് ഏറെ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. ബംഗ്ലദേശിനെതിരായ പരമ്പര ഏറെ കടുപ്പമേറിയതായിരുന്നു. ഇന്ത്യക്കെതിരെ ടീം ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്' എന്നും വിന്‍ഡീസ് ചീഫ് സെലക്‌ടര്‍ ഡെസ്‌മണ്ട് ഹെയ്‌നസ് പറഞ്ഞു. 

ബംഗ്ലാദേശിനെതിരായ സ്‌ക്വാഡിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെഫേഡ്, പേസര്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് എന്നിവരെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും കളിച്ച് ആകെ 10 ഓവര്‍ എറിഞ്ഞ ഷെഫേഡിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല. 15, 4, 19 എന്നിങ്ങനെയായിരുന്നു ബാറ്റിംഗ് സ്കോര്‍. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അരങ്ങേറി ആറ് വിക്കറ്റ് നേടിയ 27കാരന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ഗുഡകേഷ് മോട്ടീ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

വിന്‍ഡീസ് ഏകദിന സ്‌ക്വാഡ്: നിക്കോളാസ് പുരാന്‍(ക്യാപ്റ്റന്‍), ഷായ് ഹോപ്(വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, കീസി കാര്‍ട്ടി, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്‌, കെയ്‌ല്‍ മെയേര്‍സ്, ഗുഡകേഷ് മോട്ടീ, കീമോ പോള്‍, റോവ്‌മാന്‍ പവല്‍, ജെയ്‌ഡന്‍ സീല്‍സ്. 

ഇന്ത്യക്കെതിരെ വിന്‍ഡീസ് മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. ജൂലൈ 22, 24, 27 ദിനങ്ങളില്‍ ട്രിനിഡാഡിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

4, 4, 4, 4, 4! തുടര്‍ച്ചയായി അഞ്ച് ബൗണ്ടറി; വില്ലിയേ വില്ലോ കൊണ്ട് അടിച്ചോടിച്ച് റിഷഭ് പന്ത്- വീഡിയോ

Follow Us:
Download App:
  • android
  • ios