അടുത്ത മാസത്തെ ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്റെ നായകനായി നിയമിക്കാനാണ് ബിസിസിഐയുടെ നീക്കം.
മുംബൈ: അടുത്ത മാസത്തെ ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനും ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്റെയും നായകനായി നിയമിക്കാനാണ് ബിസിസിസിഐയുടെ നീക്കം. ടെസ്റ്റ് ടീമിന്‍റെ നായകനായി പ്രതീക്ഷിച്ചതിൽ ഏറെ മികവ് പുലർത്തിയ ശുഭ്മൻ ഗില്ലിനെ ടി20 20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിച്ച ബിസിസിഐ വ്യക്തമായ സൂചന ആണ് നൽകിയിരിക്കുന്നത്.
എല്ലാ ഫോർമാറ്റുകളിലും ഒറ്റ ക്യാപ്റ്റൻ. വരുന്ന ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം രോഹിത് ശർമ്മയ്ക്ക് പകരം ഗില്ലിനെ ഏകദിന ക്യാപ്റ്റനായി നിയമിക്കാനാണ് ബിസിസിഐയുടെ ആലോചന. ഏകദിനത്തിൽ 2027 ലോകകപ്പ് വരെ തുടരണമെന്നാണ് രോഹിത്തിന്‍റെ ആഗ്രഹം. ലോകകപ്പുവരെ ഇന്ത്യക്ക് ഏകദിന പരമ്പരകൾ കുറവായതിനാൽ മുപ്പത്തിയെട്ടുകാരനായ രോഹിത്തിന് ഫോമും ഫിറ്റ്നസും നിലനിർത്താൻ കഴിയുമോയെന്ന് സെലക്ടർമാർക്ക് സംശയമുണ്ട്.
ടി20 ടെസ്റ്റ്, ഫോർമാറ്റുകളിൽ നിന്ന് രോഹിത് നേരത്തേ വിരമിച്ചിരുന്നു. ഗില്ലിനെ നേരത്തേ തന്നെ ക്യാപ്റ്റനായി നിയമിച്ച് 2027 ലോകകപ്പിന് ടീമിനെ ഒരുക്കാനാണ് ബിസിസിഐയുടെ ശ്രമം. ഓസീസിനെതിരായ മൂന്ന് ഏകദിനത്തിൽ രോഹിത്തിന്‍റെ പ്രകടനം മോശമായാൽ സെലക്ടർമാർക്ക് കാര്യങ്ങൾ എളുപ്പമാവും. അടുത്ത വർഷത്തെ ടി20 ലോകകപ്പിന് ശേഷം 34കാരനായ സൂര്യകുമാർ യാദവ് ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതോടെ ശുഭ്മൻ ഗിൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ നായകനാവും.
അതിനിടെ ഇന്നലെ രാത്രി രോഹിത് മുംബൈയിലെ കോകിലെ ബെന്‍ ആശുപത്രി സന്ദര്‍ശിച്ചത് ആരാധകരില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റതുമൂലമാണോ രോഹിത് ആശുപത്രിയിലെത്തിയത് എന്ന കാര്യം വ്യക്തമല്ല. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് രോഹിത് കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തി ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിരുന്നു. ബാറ്റിംഗ് പരിശീലനവും രോഹിത് പുനരാരംഭിച്ചിരുന്നു. ഇതിനിടെ ഇന്ത്യൻ നായകന്‍ ആശുപത്രി സന്ദര്‍ശിച്ചതാണ് ആരാധകര്‍ക്ക് അശങ്കയായത്.
