ബെംഗളൂരു: സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ട്രോളാന്‍ കിട്ടുന്ന ഒരു അവസരവും രോഹിത് ശര്‍മ്മ നഷ്ടപ്പെടുത്താറില്ല. സ്‌പോണ്‍സറുടെ സ്റ്റിക്കറില്ലാത്ത ബാറ്റ് ഉപയോഗിച്ചതാണ് ചാഹലിനെ രോഹിത് ഇപ്പോള്‍ ട്രോളാന്‍ കാരണം. ന്യൂസീലന്‍ഡില്‍ നാലാം ഏകദിനത്തില്‍ ചാഹല്‍ പുറത്തെടുത്ത ബാറ്റിംഗ് മികവ് ഓര്‍മ്മിപ്പിച്ചായിരുന്നു രോഹിതിന്‍റെ ട്രോള്‍.

"സ്റ്റിക്കറില്ലാത്ത ബാറ്റോ...ചാഹലിന് ന്യൂസീലന്‍ഡിലെ ഇന്നിംഗ്‌സിന് ശേഷം  സ്‌പോണ്‍സറെ കിട്ടി എന്നാണ് ഞാന്‍ കരുതിയിരുന്നത്". എക്കാലത്തെയും മികച്ച താരമെന്ന പരാമര്‍ശത്തോടെ(GOAT) രോഹിത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഹാമില്‍ട്ടണില്‍ കിവീസിനെതിരെ ഇന്ത്യ വെറും 92 റണ്‍സില്‍ പുറത്തായപ്പോള്‍ 18 റണ്‍സെടുത്ത ചാഹലായിരുന്നു ടോപ് സ്‌കോറര്‍. 

ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരെ നാളെ നടക്കുന്ന രണ്ടാം ടി20ക്ക് തയ്യാറെടുക്കുകയാണ് ചാഹല്‍ അടങ്ങിയ ഇന്ത്യന്‍ ടീം. ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യക്ക് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ വിജയിച്ചേ തീരു.