ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ സീനിയര്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കുന്നതേയുള്ളൂ
ബെംഗളൂരു: പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കും റണ്‍മെഷീന്‍ വിരാട് കോലിക്കും രണ്ടാഴ്‌ച വിശ്രമം ലഭിക്കും. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഏഷ്യാ കപ്പ് ക്യാംപിനായി ഓഗസ്റ്റ് 23ന് ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്‍സിഎയില്‍ ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്യാംപ് 29-ാം തിയതി വരെ നീണ്ടുനില്‍ക്കും.
ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ തയ്യാറെടുപ്പായാണ് ഏഷ്യാ കപ്പിനെ ബിസിസിഐ കണക്കാക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഒരാഴ്‌ച നീളുന്ന ക്യാംപില്‍ തന്ത്രങ്ങള്‍ തേച്ചുമിനുക്കിയാവും ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കുക. വെസ്റ്റ് ഇന്‍ഡീസിന് എതിരെ പുരോഗമിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും കളിക്കുന്നില്ല. പരിക്കിന്‍റെ പിടിയിലായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും എന്‍സിഎയില്‍ രോഹിത്തും കോലിയും അടക്കമുള്ള താരങ്ങള്‍ക്കൊപ്പമുണ്ടാകും. അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര കഴിഞ്ഞേ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഏഷ്യാ കപ്പ് ക്യാംപില്‍ ചേരൂ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ബുമ്രയാണ്.
സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാന് എതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ശ്രീലങ്കയാണ് വേദി. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ യാത്ര ചെയ്യില്ല എന്ന് ബിസിസിഐ തീരുമാനമെടുത്തതോടെയാണ് ഏഷ്യാ കപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിക്കുന്നതേയുള്ളൂ. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന് വ്യക്തമല്ല.
Read more: ഏഷ്യാ കപ്പ്: സ്‌ക്വാഡില്‍ എത്തലും എത്തിയാലും സഞ്ജു സാംസണ് അഗ്നിപരീക്ഷകള്‍
