വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങും
ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പരിശീലന ക്യാംപിലെ ആദ്യ ദിനങ്ങള്‍ നഷ്‌ടമാകും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള സഞ്ജു അതിന് ശേഷം അയര്‍ലന്‍ഡ് പര്യടനവും കഴിഞ്ഞ് വരുന്നതിനാലാണിത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഓഗസ്റ്റ് 24 മുതലാണ് ഏഷ്യാ കപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീമിന്‍റെ ക്യാംപ് നടക്കുക. ഏഷ്യാ കപ്പ് സ്ക്വാഡില്‍ സെലക്ഷന്‍ കിട്ടിയാല്‍ ക്യാംപിന്‍റെ അവസാന രണ്ട് ദിവസങ്ങളില്‍ മാത്രമേ സഞ്ജുവിന് പങ്കെടുക്കാന്‍ കഴിയൂ.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങും. അതേസമയം പ്രധാനമായും രണ്ടാംനിര താരങ്ങളുള്ള സ്‌ക്വാഡ് അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കായി പറക്കും. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞെത്തുന്ന സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര നയിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. ഏഷ്യാ കപ്പ് ടീമിലെത്താന്‍ സഞ്ജുവിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളതെന്ന സൂചനയാണ് പുറത്തുവരുന്നത്. 'ഏഷ്യാ കപ്പിനായാണ് ബെംഗളൂരുവില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവസാന രണ്ട് ദിവസം മാത്രമേ സഞ്ജുവിന് ക്യാംപില്‍ പങ്കെടുക്കാനാകൂ. അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം സഞ്ജുവിന് വിശ്രമം നല്‍കേണ്ടതിനാലാണിത്. ചെറിയ കാലയളവില്‍ സഞ്ജുവിന് എറെ യാത്രകളും മത്സരങ്ങളും വരുന്നതിനാലാണ് വിശ്രമം അനിവാര്യം. അയര്‍ലന്‍ഡ് പര്യടനം കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ജസ്‌പ്രീത് ബുമ്ര എന്‍സിഎയിലെ ക്യാംപിനൊപ്പം ചേരും' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ‍് സ്‌പോര്‍ടിനോട് പറഞ്ഞു.
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ സ്‌ക്വാഡിലുണ്ടാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഏകദിനത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. പരിക്ക് മാറിയെത്തുന്ന രാഹുല്‍ ഏഷ്യാ കപ്പിനുണ്ടാകും എന്ന് ഉറപ്പായിക്കഴിഞ്ഞു. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷന്‍റെ പേരും പരിഗണിക്കപ്പെടും. ഏകദിനത്തിലെ മികച്ച റെക്കോര്‍ഡിന്‍റെ പ്രതീക്ഷയാണ് സഞ്ജുവില്‍ ആരാധകര്‍ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
