കോലി-രോഹിത് പോര് സത്യം തന്നെ, വെളിപ്പെടുത്തി മുന്‍ ഫീല്‍ഡിംഗ് പരിശീലകന്‍; സമാധാനക്കൊടി വീശിയത് രവി ശാസ്‌ത്രി
2019 ഏകദിന ലോകകപ്പിനിടെയാണ് വിരാട് കോലി-രോഹിത് ശര്‍മ്മ പോര് മറനീക്കി പുറത്തുവന്നത്

നാഗ്‌പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് വന്‍മരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മ്മയും. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇരുവരുടേയും കീഴില്‍ രണ്ട് ചേരിയായി ടീമിലെ താരങ്ങള്‍ അണിനിരന്നിരിക്കുകയാണെന്നും മുമ്പ് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അന്നത്തെ റിപ്പോര്‍ട്ടുകള്‍ ബിസിസിഐയിലെ പലരും തള്ളിയതാണെങ്കിലും കോലി-രോഹിത് പോര് യാഥാര്‍ഥ്യമായിരുന്നെന്നും ഈ പ്രശ്‌നം രവി ശാസ്‌ത്രി രമ്യതയിലെത്തിച്ചു എന്നുമുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2019 ഏകദിന ലോകകപ്പിനിടെയാണ് വിരാട് കോലി-രോഹിത് ശര്‍മ്മ പോര് മറനീക്കി പുറത്തുവന്നത്. ഇത് സംബന്ധിച്ച് ഏറെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമുണ്ടായി. എന്നാല്‍ അന്നത് ടീം വൃത്തങ്ങള്‍ നിഷേധിച്ചു. 2021ല്‍ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ആരാധകര്‍ ഉറപ്പിച്ചു. അപ്പോഴും താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല എന്ന നിലപാടായിരുന്നു ടീം മാനേജ്‌മെന്‍റിന്. കോലി-രോഹിത് പ്രശ്‌നം എങ്ങനെയാണ് പരിഹരിച്ചത് എന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഫീല്‍ഡിംഗ് കോച്ചായ ആര്‍ ശ്രീധര്‍ തന്‍റെ പുതിയ പുസ്‌തകത്തില്‍.
സംഭവിച്ചത് എന്ത്?
'2019 ലോകകപ്പിനിടെ ഡ്രസ്സിംഗ് റൂമിൽ എന്താണ് സംഭവിച്ചതെന്ന് പറയപ്പെടുന്നതിനെ കുറിച്ചും സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിനെ കുറിച്ചും ധാരാളം മോശം വാർത്തകൾ വന്നിരുന്നു. ഒരു രോഹിത് ക്യാമ്പും വിരാട് ക്യാമ്പും ടീമില്‍ ഉണ്ടെന്നായിരുന്നു പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആരോ മറ്റൊരാളെ അൺഫോളോ ചെയ്‌തു. ലോകകപ്പിന് 10 ദിവസങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ എത്തിയപ്പോള്‍ പരിശീലകന്‍ രവി ശാസ്‌ത്രി, വിരാട് കോലിയെയും രോഹിത് ശര്‍മ്മയേയും റൂമിലേക്ക് വിളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ആരോഗ്യത്തിന് ഒന്നിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ സംഭവിച്ചത് സംഭവിച്ചു. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ എന്ന നിലയ്ക്ക് നിങ്ങളിത് അവസാനിപ്പിക്കണം. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹം എന്നും രവി പറഞ്ഞു. അതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നത് കണ്ടു. കൂടുതല്‍ വഷളാകുന്നതിന് മുമ്പ് രണ്ട് പേരെയും വിളിച്ചിരുത്തി സംസാരിക്കുക മാത്രമായിരുന്നു പ്രശ്‌നം തീര്‍ക്കാനാവശ്യം. അത് ചെയ്യാന്‍ രവി ശാസ്‌ത്രി വൈകിയില്ല' എന്നും ആര്‍ ശ്രീധര്‍ തന്‍റെ പുസ്‌തകത്തില്‍ പറയുന്നു.
രോഹിത്തിനെ ആലിംഗനം ചെയ്ത് കോലി, ലോർഡ്സിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് ആരാധകർ