മുംബൈ: ഐപിഎല്ലില്‍ പങ്കെടുക്കാന്‍ യുഎഇയിലേക്ക് പറക്കാനൊരുങ്ങി വിമാനത്താവളത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ഭാര്യ റിതികയും മകള്‍ സമൈറയും ചേര്‍ന്നുള്ള ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം. സമൈറയുടെ രണ്ടാം ഐപിഎല്‍ എന്ന അടിക്കുറിപ്പോടെ രോഹിത്തും മുംബൈ ഇന്ത്യന്‍സും ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ആരാധകര്‍ വാദപ്രതിവാദവുമായി എത്തിയത്.

രോഹിത്തും ഭാര്യയും പിപിഇ കിറ്റ് അടക്കം ധരിച്ച് പൂര്‍ണ സുരക്ഷയില്‍ നില്‍ക്കുമ്പോള്‍ രണ്ട് വയസുകാരി മകള്‍ സമൈറയെ മാസ്ക് പോലും ധരിപ്പിക്കാത്തതാണ് ഒരു വിഭാഗം ആരാധകരെ പ്രകോപിപ്പിച്ചത്. സമാനമായ രീതിയില്‍ വിമാനത്താവളത്തിലെത്തിയ മുംബൈ താരം ആദിത്യ താരെക്കെതിരെയും ഇവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ നാലു വയസില്‍ താഴെയുള്ള കുട്ടികളെ മാസ്കോ പിപിഇ കിറ്റോ ധരിപ്പിക്കരുതെന്ന് ചട്ടമുണ്ടെന്നാണ് ചില ആരാധകര്‍ തന്നെ ഇതിന് മറുപടി നല്‍കുന്നത്. കുഞ്ഞുങ്ങളെ മാസ്ക് ധരിപ്പിക്കുന്നത് ശ്വാസതടസ്സം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും രോഹിത്തിന്റെ നടപടിയെ ന്യായീകരിക്കുന്നവര്‍ പറയുന്നു. അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബവുമായി യുഎഇയിലേക്ക് പോകാനുള്ള രോഹിത്തിന്റെ തീരുമാനത്തിനെതിരെയും ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

ഇന്നാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യുഎഇയിലേക്ക് പോയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളും ഇന്ന് യാത്ര തിരിച്ചിരുന്നു.