രോഹിത് മക്കല്ലത്തെ പോലെ, കിരീട സാധ്യത ഇന്ത്യക്ക്, ന്യൂസിലന്‍ഡിനെതിരെയും മേല്‍ക്കൈ: റോസ് ടെയ്‌ലര്‍
2019 ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യയെ 18 റണ്‍സിന് തോല്‍പിച്ചപ്പോള്‍ കിവികളുടെ ടോപ് സ്കോററായിരുന്നു റോസ് ടെയ്‌ലര്‍

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കിരീട സാധ്യത ടീം ഇന്ത്യക്ക് തന്നെയെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകൻ റോസ് ടെയ്‌ലർ. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. മധ്യനിരയുടെ മികവാണ് രോഹിത് ശര്‍മ്മയ്ക്ക് തകര്‍ത്തടിക്കാൻ സ്വാതന്ത്ര്യം നൽകുന്നത് എന്നും റോസ് ടെയ്‌ലര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
2019 ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യയെ 18 റണ്‍സിന് തോല്‍പിച്ചപ്പോള്‍ കിവികളുടെ ടോപ് സ്കോററായിരുന്നു റോസ് ടെയ്‌ലര്‍. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 239-8 എന്ന സ്കോറില്‍ ഒതുങ്ങിയപ്പോള്‍ ടെയ്‌ലര്‍ 90 പന്തില്‍ 74 റണ്‍സ് പേരിലാക്കി. ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 49.3 ഓവറില്‍ 221 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വഴിത്തിരിവായ എം എസ് ധോണിയെ പുറത്താക്കിയ മാര്‍ട്ടിന്‍ ഗപ്‌തിലിന്‍റെ ത്രോ കാണുന്നത് ഇപ്പോഴും സന്തോഷമാണെന്ന് ടെയ്‌ലര്‍ മറച്ചുവെക്കുന്നില്ല. 72 പന്തില്‍ 50 റണ്‍സുമായായിരുന്നു എട്ടാമനായി 49-ാം ഓവറിലെ മൂന്നാം പന്തില്‍ ധോണിയുടെ മടക്കം. അന്നത്തെ ഗപ്‌തിലിന്‍റെ ത്രോ ഇന്ത്യന്‍ ആരാധകര്‍ ഇഷ്‌ടപ്പെടില്ലെങ്കിലും ന്യൂസിലന്‍ഡിന് ഏറെ പ്രിയങ്കരമാണ് എന്ന് ടെയ്‌ലര്‍ പറയുന്നു. 2019 സെമിയില്‍ കിവീസിനോട് കാലിടറിയെങ്കിലും ഈ ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യക്കാണ് എന്ന് ടെയ്‌ലര്‍ വിലയിരുത്തുന്നു.
ഇന്ത്യ ഫേവറൈറ്റുകള്‍
'ഇന്ത്യയും ന്യൂസിലന്‍ഡും നാല് കളികള്‍ വീതം ജയിച്ച ടീമുകളാണ്. ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിന് അനുസരിച്ച് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായേക്കും. ഇന്ത്യയിലെ മത്സരങ്ങളില്‍ സാഹചര്യവും കാണികളും ഒക്കെ ഞങ്ങള്‍ക്ക് എതിരായിരിക്കും. ഈ മത്സരത്തിലും സാധ്യത ഇന്ത്യക്ക് തന്നെയാണ്. പക്ഷേ ന്യൂസിലന്‍ഡ് ശരിയായ ദിശയിലാണ് ടൂര്‍ണമെന്‍റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലെത്. ധരംശാലയില്‍ മുമ്പ് തല തവണ കളിച്ചിട്ടുണ്ട്. 2016ലെ ട്വന്‍റി 20 ലോകകപ്പില്‍ സ്‌പിന്നര്‍ക്ക് അനുകൂലമായ വിക്കറ്റായിരുന്നു ഇവിടെ'.
ഹിറ്റ്‌മാന് പ്രശംസ
'ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ആക്രമണോത്സുകത ശൈലി ബ്രണ്ടന്‍ മക്കല്ലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രോഹിത് മികച്ച ബാറ്ററാണ്, 2019 സെമിയില്‍ തിളങ്ങിയില്ലെങ്കിലും അതിന് മുമ്പ് ഗംഭീര പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ടോപ് ത്രീ ബാറ്റര്‍മാര്‍ എന്നും മികച്ചവരായിരുന്നു. ഇപ്പോള്‍ നാല്, അഞ്ച് നമ്പറുകളില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും വന്നതോടെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമൊരുങ്ങി. രോഹിത് ശര്‍മ്മയുടെ കളിയില്‍ ഈ ഇംപാക്ട് പ്രകടമാണ്' എന്നും റോസ് ടെയ്‌ലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു.
കാണാം റോസ് ടെയ്‌ലറുമായുള്ള അഭിമുഖം