അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റനാകുമെന്നും സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായേക്കുമെന്നും സൂചനയുണ്ട്. പരിക്കേറ്റ വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്ക്‌വാദ് ഏകദിന ടീമിലെത്തും.

മുംബൈ: അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനും എതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചെങ്കിലും ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന സൂര്യകുമാര്‍ യാദവിന് ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2028ലെ ട്വന്റി 20 ലോകകപ്പും ഒളിംപിക്‌സും മുന്നില്‍ കണ്ടാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശ്രേയസ് അയ്യര്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. അക്‌സര്‍ പട്ടേലിന് പകരം തിലക് വര്‍മ്മയെ വൈസ് ക്യാപ്റ്റനായി നിയമിക്കാനും ധാരണ ആയിട്ടുണ്ട്. തിലകിനെ ഭാവി നായകനായി വളര്‍ത്തിക്കൊണ്ടുവരുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം. ശ്രേയസിനെ ക്യാപ്റ്റനായും തിലകിനെ വൈസ് ക്യാപ്റ്റനായും നിയമിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് 2023 ഡിസംബറിലാണ് അവസാനമായി അന്താരാഷ്ട്ര ട്വന്റി 20 കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്മയമായ വൈഭവ് സൂര്യവന്‍ഷി ടീമിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാവും പതിനഞ്ചുകാരനായ വൈഭവ്. അയര്‍ലന്‍ഡില്‍ രണ്ട് ട്വന്റി 20യും ഇംഗ്ലണ്ടില്‍ അഞ്ച് ട്വന്റി 20യുമാണ് ഇന്ത്യ കളിക്കുക.

ഏകദിന ടീമില്‍ നിന്ന് പരിക്കേറ്റ് പുറത്തായ വിരാട് കോലിയുടെ പകരക്കാരനേയും നാളെ നിശ്ചയിക്കും. അഫ്ഗാനിസ്ഥാന് എതിരായ ഏകദിന പരന്പരയില്‍ നിന്ന് പിന്‍മാറിയ വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്ക്‌വാദ് ടീമിലെത്തുമെന്നാണ് സൂചന. റുതുരാജ് ഗെയ്ക്‌വാദിനെ ടീമിലെടുത്താല്‍ പകരം രജത് പടിദാറിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തും. രോഹിത് ശര്‍മ, ഹാര്‍ദിക് പണ്ഡ്യ എന്നിവരുടെ ആരോഗ്യനിലയും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. പരിക്കേറ്റ ഇരുവരേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

YouTube video player