പൂനെ: ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടി രസകരമായിരുന്നു. സ്പാര്‍ക്കുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറഞ്ഞിരുന്നത്. ഡ്രസിങ് റൂമില്‍ ടീം വിജയിക്കണമെന്ന് ആഗ്രഹിച്ച താരങ്ങള്‍ കുറവായിരുന്നുവെന്നും ധോണി പറഞ്ഞിരുന്നു. എന്നാല്‍ ധോണിയുടെ വിമര്‍ശനങ്ങള്‍ അട്ടിമറിക്കുന്ന പ്രകടനമാണ് ചെന്നൈ ഓപ്പണര്‍ ഋതുരാജ് ഗെയ്കവാദ് പിന്നീട് പുറത്തെടുത്തത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ഗെയ്കവാദ് അര്‍ധ സെഞ്ചുറി നേടി. ഈ മൂന്ന് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും ഗെയ്കവാദായിരുന്നു.

ആദ്യ മത്സരങ്ങളില്‍ ഫോമിലില്ലാത്തതിന്റെ പേരില്‍ താരം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നെ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം മത്സരത്തിലായിരുന്നു ഗെയ്കവാദിന്റെ തിരിച്ചുവരവ്. ആ മത്സരത്തിലും താരം റണ്‍സെടുക്കാതെ പുറത്തവാകുയാണ് ചെയ്തത്. എന്നാല്‍ മത്സരത്തിന് മുമ്പ് ധോണി നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ച് സംസാരിക്കുകയാണ് ഗെയ്കവാദ്. ''മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് ധോണി എന്റെയടുത്ത് വന്നിരുന്നു. സമ്മര്‍ദ്ദമുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. നിന്നില്‍ ഒരുപാട് പ്രതീക്ഷയുണ്ടെന്നും സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി പറഞ്ഞു. റണ്‍സെടുത്താലും ഇല്ലെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളിലും നീ കളിക്കുമെന്നും ധോണി എന്നോട് പറഞ്ഞിരുന്നു. 

പ്രകടനത്തെക്കുറിച്ച് അധികമായി ചിന്തിക്കേണ്ടതില്ല. സഹതാരങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ക്രീസില്‍ ചെലവിനം ധോണി എന്നോട് നിര്‍ദേശിച്ചു.'' ഗെയ്കവാദ് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ ചിന്താഗതിയെ മാറ്റുകയും മനസിനെ ശാന്തമാക്കുകയും ചെയ്തുവെന്നും ഗെയ്കവാദ് കൂട്ടിച്ചേര്‍ത്തു. വരും സീസണില്‍ വന്‍ അഴിച്ചുപണിയാണ് സിഎസ്‌കെയിലുണ്ടാവുക. 

പല പ്രമുഖരുടെയും സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ടീമില്‍ സ്ഥാനം നിലര്‍ത്താനുള്ള താരങ്ങളില്‍ ഒരാളാണ് ഗെയ്കവാദ്. ധോണി ടീമിനൊപ്പം തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.