കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെ അസഭ്യം പറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ക്ക് ഐസിസിയുടെ പിഴശിക്ഷ ലഭിച്ചേക്കും. കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ അഞ്ചാം ദിവസമാണ് വിവാദ സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് സമനില നല്‍കാന്‍ ഫിലാന്‍ഡര്‍ പ്രതിരോധിച്ചുകളിക്കവെയായിരുന്നു ബട്ട്‌ലറുടെ തെറിവിളി. ഫിലാന്‍ഡര്‍ക്കെതിരെ പറഞ്ഞതെല്ലാം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തതോടെയാണ് ബട്ട്‌ലര്‍ കുരുക്കിലായത്. 

ബട്ട്‌ലറുടെ തെറിവിളി വീഡിയോ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്ന്‍ റീ-ട്വീറ്റ് ചെയ്തിട്ടുണ്ട്. ബട്ട്‌ലര്‍ പറയുന്നത് വ്യക്തവും ഉച്ചത്തിലുമാണ് എന്നാണ് സ്റ്റെയ്‌ന്‍റെ ട്വീറ്റ്. എന്നാല്‍ ബട്ട്‌ലറുടെ പെരുമാറ്റം അത്രമോശമല്ല എന്നാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ പ്രതികരണം. വൈകാരികത അല്‍പം കടന്നുപോയെങ്കിലും അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ല. ടെലിവിഷനില്‍ അല്‍പം എരിവ് ആരാണ് ഇഷ്‌ടപ്പെടാത്തത് എന്നും റൂട്ട് ചോദിച്ചു.  

എന്നാല്‍ 51 പന്തില്‍ എട്ട് റണ്‍സെടുത്ത ഫിലാന്‍ഡറുടെ ചെറുത്തുനില്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് സമനില നല്‍കിയില്ല. മത്സരം ഇംഗ്ലണ്ട് 189 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക 107 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. മൂന്നാം ടെസ്റ്റ് 16-ാം തിയതി മുതല്‍ പോര്‍ട്ട് എലിസബത്തിലും അവസാന മത്സരം 24 മുതല്‍ ജൊഹന്നസ്‌ബര്‍ഗിലും നടക്കും.  

അതേസമയം വെര്‍നോണ്‍ ഫിലാന്‍ഡര്‍ക്ക് ഹോംഗ്രൗണ്ടിൽ വികാരനിര്‍ഭരമായ വിടവാങ്ങൽ ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഫിലാന്‍ഡര്‍ കേപ്‌ടൗണില്‍ അവസാന മത്സരമാണ് കളിച്ചത്. മത്സരശേഷം ഭാര്യക്കും കുഞ്ഞിനുമൊപ്പം ഫിലാന്‍ഡര്‍ സ്റ്റേഡിയം വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്തു.