മികച്ച പന്തും മോശും ഫോമും ചേര്‍ന്നതാണ് രഹാനെയുടെ പുറത്താകലുകള്‍. അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചുപോകട്ടെ. രഞ്ജി ട്രോഫി കളിച്ച് തന്‍റെ പഴയ പ്രതാപം തിരിച്ചുപിടിക്കട്ടെ. എന്നാലും രഹാനെക്ക് വീണ്ടുമൊരു അവസരം നല്‍കാന്‍ ഞാന്‍ ഒരുക്കമല്ല.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിലും(SA vs IND) തിളങ്ങാനാവാതിരുന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അജിങ്ക്യാ രഹാനെയുടെ(Ajinkya Rahane) കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). ചേതേശ്വര്‍ പൂജാരക്ക്(Cheteshwar Pujara) ഇനിയുമൊരു അവസരം നല്‍കാമെങ്കിലും കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി തിളങ്ങാത്ത രഹാനെക്ക് ഇനിയൊരു അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും മഞ്ജരേക്കര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

മികച്ച പന്തും മോശും ഫോമും ചേര്‍ന്നതാണ് രഹാനെയുടെ പുറത്താകലുകള്‍. അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചുപോകട്ടെ. രഞ്ജി ട്രോഫി കളിച്ച് തന്‍റെ പഴയ പ്രതാപം തിരിച്ചുപിടിക്കട്ടെ. എന്നാലും രഹാനെക്ക് വീണ്ടുമൊരു അവസരം നല്‍കാന്‍ ഞാന്‍ ഒരുക്കമല്ല. പക്ഷെ പൂജാരക്ക് ഞാനൊരവസരം കൂടി നല്‍കും. രഹാനെ കഴിഞ്ഞ മൂന്നാ നാലോ കൊല്ലമായി ടീമിനായി മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുത്തിട്ടില്ല. മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ നേടിയ സെഞ്ചുറി ഒഴികെ പ്ലേയിംഗ് ഇലവനില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താനായി ഒന്നും രഹാനെ ചെയ്തിട്ടില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച രഹാനെ ആറ് ഇന്നിംഗ്സകളില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടിയത്. 2020നുശേഷം ഇത് അഞ്ചാം തവണയാണ് ദ്വിരാഷ്ട്ര പരമ്പരകളില്‍ രഹാനെ 25ല്‍ താഴെ ശരാശരി രേഖപ്പെടുത്തുന്നത്.

ശ്രീലങ്കക്കെതിരെ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ രഹാനെക്കൊപ്പം ഓപ്പണര്‍ മായങ്ക് അഗര്‍വാളും പുറത്തുപോകുമെന്ന് ക്രിക്ക് ഇന്‍ഫോയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ദക്ഷിണഫ്രിക്കന്‍ മുന്‍ താരം ഡാരില്‍ കള്ളിനന്‍ അഭിപ്രായപ്പെട്ടു. രഹാനെയുടെ സ്ഥാനത്ത് യുവതാരങ്ങളിലൊരാള്‍ക്ക് ടീമില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും കള്ളിനന്‍ പറഞ്ഞു.