Asianet News MalayalamAsianet News Malayalam

SA vs IND: ഏഴഴകുളള ജയവുമായി ദക്ഷിണാഫ്രിക്ക, കേപ്‌ടൗണിലും ഇന്ത്യക്ക് തോല്‍വി, പരമ്പര കൈവിട്ടു

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച് ആവേശത്തോടെ പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യക്ക് വാണ്ടറേഴ്സിലും കേപ്ടൗണിലും നേരിടേണ്ടിവന്നത് സമാനമായ തോല്‍വികള്‍. വാണ്ടറേഴ്സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നെങ്കിലും കേപ്ടൗണില്‍ കോലി മുന്നില്‍ നിന്ന് നയിച്ചിട്ടും ഫലം മാറിയില്ല.

SA vs IND: South Africa beat India by 7 Wickets in Capetown Cricket Test to seal series 2-1
Author
Cape Town, First Published Jan 14, 2022, 5:29 PM IST

കേപ്‍ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന്(SA vs IND) ഇന്ത്യ ഇനിയും കാത്തിരിക്കണം. വാണ്ടറേഴ്സിന് പിന്നാലെ കേപ്‌ടൗണിലും ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. വിജയലക്ഷ്യമായ 212 റണ്‍സ് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്സണാണ്(Keegan Petersen) ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ ഇന്ത്യ 223, 198, ദക്ഷിണാഫ്രിക്ക 210, 212-3.

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച് ആവേശത്തോടെ പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യക്ക് വാണ്ടറേഴ്സിലും കേപ്ടൗണിലും നേരിടേണ്ടിവന്നത് സമാനമായ തോല്‍വികള്‍. വാണ്ടറേഴ്സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നെങ്കിലും കേപ്ടൗണില്‍ കോലി മുന്നില്‍ നിന്ന് നയിച്ചിട്ടും ഫലം മാറിയില്ല. അവസാന ദിവസം ജയത്തിലേക്ക് 112 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

എന്നാല്‍ റാസി വാന്‍ഡര്‍ ഡസ്സനും കീഗാന്‍ പീറ്റേഴ്സണും ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ആദ്യ മണിക്കൂറില്‍ ഫലപ്രദമായി നേരിട്ടത്തോടെ ഇന്ത്യയുടെ പിടി അയഞ്ഞു. വിക്കറ്റെടുക്കാനുള്ള ആവേശത്തില്‍ ഇരുവരും റണ്‍സേറെ വഴങ്ങുകയും ചെയ്തതോടെ ഇന്ത്യയുടെ അവസാന സാധ്യതയും ഇല്ലാതായി. ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 155 ല്‍ നില്‍ക്കെ പീറ്റേഴ്സണ ബൗള്‍ഡാക്കി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും വാന്‍ഡര്‍ ഡസ്സനും(41) ടെംബാ ബാവുമയും(32) ചേര്‍ന്ന് അത് തല്ലിക്കെടുത്തി.

രണ്ടാം ഇന്നിംഗ്സില്‍ ആകെ മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാരാര്‍ മാത്രമാണ് രണ്ടക്കം കടന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് ആതിഥേയരെ പരമ്പര നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. എയ്ഡന്‍ മാര്‍ക്രാം(16), ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍(30) എന്നിവരും ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്കായി ബുമ്ര, ഷമി, ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios