ടീമിലെ തലമുറമാറ്റം നടക്കേണ്ടത് സ്വാഭാവികമായാണ്. അല്ലാതെ ഏതെങ്കിലും സീനിയര്‍ കളിക്കാരെ പുറത്താക്കിക്കൊണ്ടല്ലെന്നും കോലി പറഞ്ഞു. ടീമില്‍ എപ്പോഴാണ് തലമുറ മാറ്റം നടക്കുക എന്ന് എനിക്ക് കൃത്യമായി പറയാനാവില്ല.

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള(SA vs IND) ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli). ഫോമിലല്ലാത്ത അജിങ്ക്യാ രഹാനെയെയും(Ajinkya Rahane) ചേതേശ്വര്‍ പൂജരായയെും(Cheteshwar Pujara) മൂന്നാം ടെസ്റ്റില്‍ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കെ ഇക്കാര്യങ്ങളോട് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി പ്രതികരിച്ചു.

ടീമിലെ തലമുറമാറ്റം നടക്കേണ്ടത് സ്വാഭാവികമായാണ്. അല്ലാതെ ഏതെങ്കിലും സീനിയര്‍ കളിക്കാരെ പുറത്താക്കിക്കൊണ്ടല്ലെന്നും കോലി പറഞ്ഞു. ടീമില്‍ എപ്പോഴാണ് തലമുറ മാറ്റം നടക്കുക എന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. കഴിഞ്ഞ ടെസ്റ്റില്‍ പൂജാരയും രഹാനെയും ബാറ്റ് ചെയ്ത രീതി എല്ലാവരും കണ്ടതാണല്ലോ. അവരുടെ പരിചയസമ്പത്ത് ടീമിന് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ ടീമില്‍ തലമുറ മാറ്റം സംഭവിക്കും, അത് സ്വാഭാവികമായിട്ടായിരിക്കുമെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. രഹാനെയായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍.

സമീപകാലത്ത് മോശം ഫോമിലായിരുന്ന ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇരുവര്‍ക്കും അവസരം നല്‍കിയേക്കുമെന്നാണ് കോലിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രണ്ടാം ടെസ്റ്റില്‍ കളിച്ച ഹനുമാ വിഹാരിയാവും പുറത്തുപോകുക.

രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. സിറാജിന്‍റെ അഭാവത്തില്‍ ഇഷാന്ത് ശര്‍മയോ ഉമേഷ് യാദവോ അവസാന ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.