ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍സി ഭാരമില്ലാതെയാണ് വിരാട് കോലി (Virat Kohli) ഇറങ്ങുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഇങ്ങനെ ചില പ്രത്യേകത ഏകദിന പരമ്പരയ്ക്കുണ്ട്.

ജൊഹന്നാസ്ബര്‍ഗ്: വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), റിതുരാജ് ഗെയ്ക്‌വാദ് (Ruturaj Gaikwad) തുടങ്ങിയ യുവതാരങ്ങളുമായിട്ടാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍സി ഭാരമില്ലാതെയാണ് വിരാട് കോലി (Virat Kohli) ഇറങ്ങുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഇങ്ങനെ ചില പ്രത്യേകത ഏകദിന പരമ്പരയ്ക്കുണ്ട്. അതിനിടെ ആദ്യ ഏകദിനത്തിലുള്ള പ്ലയിംഗ് ഇലവന്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

വെറ്ററന്‍ താരം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമാണ് ജാഫര്‍ പുറത്തുവിട്ട ടീമിലെ ഓപ്പണര്‍മാര്‍. ഗെയ്കവാദ് അല്‍പംകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ജാഫര്‍ പറയുന്ത്. മൂന്നാം സ്ഥാനത്തിന് ഇളക്കമില്ല. കോലി ഓട്ടോമാറ്റിക്ക് ചോയ്‌സാണ്. ക്യാപ്റ്റന്‍സി ഭാരമില്ലാത്തതിനാല്‍ കോലി റണ്‍ കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശ്രേയസ് അയ്യര്‍ നാലാമനായി ക്രീസിലെത്തും. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അവസരം ലഭിച്ചില്ല.

പിന്നാലെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്രീസിലെത്തും. സൂര്യകുമാര്‍ യാദവിന് മുകളിലാണ് പന്ത് കളിക്കുക. പേസ് ബൗളര്‍ ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കും. ടീമിലെ രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍ ആര്‍ അശ്വിനാണ്. യൂസ്‌വേന്ദ്ര ചാഹലും ടീമിലുണ്ട്. പേസര്‍മാരുടെ നിരയില്‍ ജസ്പ്രിത് ബുമ്രയ്ക്ക് സ്ഥാനമുറപ്പാണ്. ഭുവനേശ്വര്‍ കുമാറോ മുഹമ്മദ് സിറാജോ മറ്റൊരു പേസറായി ടീമിലെത്തുമെന്നും ജാഫര്‍ പറയുന്നു. 

ജാഫറിന്റെ പ്ലയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍/ മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര.