2011ന് ശേഷം ഒരിക്കല്‍ കൂടെ ലോക കിരീടം ഇന്ത്യയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വിരാട് കോലിക്കും സംഘത്തിനും അത് സാധിക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്

മുംബെെ: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ആകെ ആവേശത്തിലാണ്. 2011ന് ശേഷം ഒരിക്കല്‍ കൂടെ ലോക കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വിരാട് കോലിക്കും സംഘത്തിനും അത് സാധിക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു.

ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്. ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്നാണ് സച്ചിന്‍റെയും വിശ്വാസം. മുംബൈയിൽ കൗമാര താരങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് സച്ചിന്‍റെ അഭിപ്രായപ്രകടനം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്നത് ലോകകപ്പിന് മുന്‍പ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നൽകും.

കൗമാര താരങ്ങള്‍ക്ക് ഉപദേശം നൽകുന്നത് സന്തോഷകരമാണെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ, ഏകദിന ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പ്രവചിച്ചിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ സെമിയിലെത്തുമെന്നും ഇന്ത്യ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ടീമാണെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകകപ്പുകളിലൊന്നാണ് നടക്കാന്‍ പോകുന്നത്. ഏത് ടൂര്‍ണമെന്‍റുകളിലും എന്നപോലെ ഫേവറേറ്റുകളായ ശക്തമായ ടീമാണ് ഇന്ത്യ. ഏറ്റവും മികച്ച നാല് ടീമുകള്‍ സെമിയിലെത്തും. ആര്‍ക്കും അനായാസമായി ജയിക്കാനാകില്ലെന്നും ദാദ പറഞ്ഞു.