സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 15 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി സൂര്യകുമാർ യാദവ് മുംബൈയെ വിജയത്തിലേക്ക് നയിച്ചു

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി സൂര്യകുമാര്‍ യാദവ്. സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 15 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി മുംബൈയെ വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 172 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 41 പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

21 പന്തില്‍ 60 റണ്‍സ് നേടിയ സൂര്യകുമാര്‍ പുറത്താകാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്. 285 സ്ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ ബാറ്റ് ചെയ്തത്. സൂര്യക്ക് പുറമെ മുഷീര്‍ ഖാനും മുംബൈക്കായി തിളങ്ങി. 24 പന്തില്‍ താരം 51 റണ്‍സെടുത്തു. അംഗ്രിഷ് രഘുവംശി (13 പന്തില്‍ 27 റണ്‍സ്), ഹാര്‍ദിക്ക് തമോര്‍ (16 പന്തില്‍ 22 റണ്‍സ്), ശിവം ദുബെ ( അഞ്ച് പന്തില്‍ പുറത്താകാതെ 13 റണ്‍സ്) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.

തുടക്കം മുതലെ ആക്രമണശൈലി സ്വീകരിച്ച സൂര്യകുമാര്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സര്‍ നേടിയാണ് അക്കൗണ്ട് തുറന്നത്. വേദ് റെഡ്ഡി എറിഞ്ഞ ഒൻപതാം ഓവറില്‍ രണ്ട് വീതം ഫോറും സിക്സും ഉള്‍പ്പെടെ 22 റണ്‍സ് വലം കയ്യൻ ബാറ്റര്‍ നേടി. പ്രണവ് വര്‍മ പന്തെടുത്ത പത്താം ഓവറില്‍ 21 റണ്‍സും താരം നേടി. മിലിന്ദിനെ ബൗണ്ടറിയിലേക്ക് അയച്ചാണ് സൂര്യ അര്‍ദ്ധ ശതകം തികച്ചത്. അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ 46 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു.

2026 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിലും തിളങ്ങാൻ കഴിയാതെ പോയതോടെയാണ് ഇന്ത്യൻ ടീമില്‍ നിന്ന് താരം പുറത്താക്കപ്പെട്ടതും നായകസ്ഥാനം നഷ്ടമായതും. ശേഷം, പ്രാദേശിക ലീഗില്‍ കളിച്ചെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തുന്ന സൂചനകള്‍ നല്‍കിയിരുന്നില്ല. ശേഷം മാസങ്ങളോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ നായകനായി സൂര്യയെ എംസിഎ പ്രഖ്യാപിക്കുന്നത്.