കൊച്ചി:  കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കെ സി എക്കെതിരെ ആരോപണമുന്നയിച്ച മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരെ തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ).

അഴിമതി നടത്തി പുറത്തുപോയ ടി സി മാത്യുവിനു  സച്ചിന്‍ പവലിയനെക്കുറിച്ച്  പറയാൻ അർഹതയില്ലെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ പറഞ്ഞു. സച്ചിൻ പവലിയൻ സംരക്ഷിക്കപ്പെടണമെന്നാണ് കെസിഎ ആഗ്രഹിക്കുന്നതെന്നും ശ്രീജിത്ത് വി. നായർ വ്യക്തമാക്കി.

സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ടി സി മാത്യു നേരത്തെ രംഗത്തെത്തിയിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോര്‍ജ്ജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ടി സി മാത്യു പറഞ്ഞിരുന്നു.

Also Read:സച്ചിൻ പവലിയൻ വിവാദം; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ടി സി മാത്യു

സ്റ്റേഡിയം നിർമാണത്തിനായി തൊടുപുഴ മണക്കാട് വാങ്ങിയ സ്ഥലത്തു നിന്ന് പാറപൊട്ടിച്ചു വിറ്റതിലും കൊച്ചി മറൈൻഡ്രൈവിൽ കെസിഎ ചെലവിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തതിലും 2. 16 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ടി സി മാത്യുവിനെ കെ സി എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾ സംബന്ധിച്ച അഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിൽ മാത്യുവിനെ അംഗത്വത്തിൽ നിന്നു പുറത്താക്കണമെന്നു ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ട് കെസിഎ ഓംബുഡ്സ്മാനായ ജസ്റ്റിസ് വി. രാംകുമാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.