ബാറ്റിംഗ് ഇതഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മഗ്രാത്തിന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണുള്ളത് എന്നതാണ് പ്രത്യേകത.

സിഡ്നി: ഇന്ത്യ-ഓസ്ട്രേിലയ ഏകദിന പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരുടെ പേരുമായി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മഗ്രാത്ത് ഏകദിനങ്ങളിലെ ഏറ്റവും മികച്ച അഞ്ച് ഇന്ത്യൻ ബാറ്റര്‍മാരെ തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും മഗ്രാത്തിനെതിരെ ഒട്ടേറെ ഐഹിഹാസിക പോരാട്ടങ്ങളില്‍ നേര്‍ക്കനേര്‍ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മഗ്രാത്തിന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണുള്ളത് എന്നതാണ് പ്രത്യേകത. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും റണ്‍സില്‍ സച്ചിന് പുറകില്‍ രണ്ടാം സ്ഥാനത്തുമുള്ള വിരാട് കോലിയാണ് മഗ്രാത്തിന്‍റെ പട്ടികയില്‍ ഒന്നാമത്.

സച്ചിനും മുകളില്‍ രോഹിത്

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് മഗ്രാത്ത് സച്ചിന് മുമ്പ് രണ്ടാം സ്ഥാനക്കാരനായി തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിൾ സെഞ്ചുറികള്‍ നേടിയ രോഹിത്തിന്‍റെ പ്രകടനം അസാമാന്യമാണെന്ന് മഗ്രാത്ത് പറഞ്ഞു. 276 ഏകദിനങ്ങളില്‍ നിന്നായി 11000ത്തിലേറെ റണ്‍സടിച്ച രോഹിത് ഏകദിന സ്പെഷ്യലിസ്റ്റായി ചുരുങ്ങിപ്പോയത് നിര്‍ഭാഗ്യകരമാണെന്നും മഗ്രാത്ത് വ്യക്തമാക്കി. ഒന്നാം സ്ഥാനത്ത് വിരാട് കോലിയെ മറികടന്നൊരു താരത്തെ ചിന്തിക്കുന്നത് പോലും അസാധ്യമാണെന്നും മഗ്രാത്ത് പറഞ്ഞു.

മഗ്രാത്തിന്‍റെ പട്ടികയില്‍ സച്ചിന്‍ മൂന്നാമതാണ്. യുവരാജ് സിംഗും എം എസ് ധോണിയുമാണ് ഏകദിന ക്രിക്കറ്റില്‍ മഗ്രാത്ത് തെരഞ്ഞെടുത്ത ടോപ് 5 ഇന്ത്യൻ ബാറ്റര്‍മാര്‍. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് മഗ്രാത്തിന്‍റെ പട്ടികയില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക