മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി അവസാന മത്സരം കളിച്ചിട്ട് ഏഴ് വര്‍ഷമായി. വിരമിച്ചെങ്കിലും മുംബൈയുടെ മെന്ററായും ഐക്കണായുമെല്ലാം സച്ചിന്‍ ഇപ്പോഴും ടീമിന്റെ മുഖമാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെ മുംബൈ ഇന്ത്യന്‍സ് നായകനോട് ഒരു ആരാധകന്‍ ചോദിച്ചത്, വിരമിച്ച ഒരു താരത്തെ തിരികെ ടീമില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതാരായിരിക്കുമെന്നായിരുന്നു.

എന്നാല്‍ രോഹിത്തിന് പറയാനുണ്ടായിരുന്നത്, ഒന്നല്ല, രണ്ടുപേരുകളാണ്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ബൗളിംഗ് ഇതിഹാസം ഷോണ്‍ പൊള്ളോക്കിന്റെയും. രോഹിത്തിന്റെ മറുപടിയോട് പ്രതികരിച്ച സച്ചിന്‍ താങ്കള്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നത് രസകരമായിക്കുമെന്ന് പ്രതികരിച്ചു. അതേസമയം, മുംബൈ തന്നെ തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കായികക്ഷമത ഉറപ്പുവരുത്താനായി വീണ്ടും ജിമ്മിലേക്ക് പോകാന്‍ തയാറാണെന്നായിരുന്നു പൊള്ളോക്കിന്റെ മറുപടി.

മുംബൈക്കായി 2008ല്‍ ഒരു സീസണില്‍ മാത്രമാണ് പൊള്ളൊക്ക് കളിച്ചത്. 11 വിക്കറ്റുകളും താരം നേടി. 2011ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സിലെത്തിയത്. എന്നാല്‍ മുംബൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ സച്ചിനും രോഹിത്തിനും അവസരം ലഭിച്ചിട്ടില്ല. 2013ല്‍ മുംബൈയുടെ നായകനായ രോഹിത് ഇതുവരെ നാലു കിരീടങ്ങളാണ് മുംബൈക്ക് സമ്മാനിച്ചത്.