മുംബൈ: നെറ്റ്സില്‍ വീണ്ടും ബൗളറായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഡിവൈ പാട്ടീവ്‍ സ്റ്റേഡിയത്തില്‍ സ്കൂള്‍കാലത്തെ കൂട്ടുകാരനും ഇന്ത്യന്‍ ടീമിലെ സഹതാരവുമായിരുന്ന വിനോദ് കാംബ്ലിക്കാണ് സച്ചിന്‍ പന്തെറിഞ്ഞു കൊടുത്തത്. ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു സച്ചിന്റെ ബൗളിംഗ് പ്രകടനം.

സച്ചിന്‍ തന്നെ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. കാംബ്ലിയുമൊത്തുള്ള കളി ശിവാജി പാര്‍ക്കിലെ ബാല്യകാല ഓര്‍മകളുണര്‍ത്തുന്നുവെന്ന് പറഞ്ഞ സച്ചിന്‍ തനിക്കൊരിക്കലും കാംബ്ലിക്കെതിരെ കളിക്കേണ്ടിവന്നിട്ടില്ലെന്നും എല്ലാകാലത്തും തങ്ങള്‍ ഇരുവരും ഒരു ടീമിലായിരുന്നുവെന്നും സച്ചിന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

എന്നാല്‍ സച്ചിന്‍ കാംബ്ലിക്ക് എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ട് നോബാളായിരുന്നുവെന്ന് തമാശ ട്വീറ്റുമായി ഐസിസിയുടെ മറുപടിയെത്തി. ഇംഗ്ലീഷ് കൗണ്ടി ടീമായ മില്‍സെക്സുമായി സഹകരിച്ച് 2018 ജൂലൈയിലാണ് ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് അക്കാദമിക്ക് സച്ചിന്‍ തുടക്കമിട്ടത്. ഒമ്പത് മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പണ്‍കുട്ടികള്‍ക്കുമാണ് ഇവിടെ പരിശീലനം നല്‍കുന്നത്.