നന്ദി ചാമ്പ്യന്‍, എക്കാലത്തും വ്യായമത്തില്‍ തല്‍പരനായിരുന്നു, താങ്കള്‍ക്ക് ഓര്‍മയിലെ ആ പഴയ പരിശീലന കാലം എന്നായിരുന്നു ഗാംഗുലിയുടെ ചോദ്യം.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡിയാണ് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും ക്രിക്കറ്റിന് പുറത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി കഴിഞ്ഞ ദിവസം വ്യായാമം ചെയ്യുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഇതിന് താഴെ ദാദയെ കളിയാക്കുന്ന കമന്റുമായി ആദ്യമെത്തിയത് സച്ചിന്‍ തന്നൊയയിരുന്നു. തണുത്ത പ്രഭാതത്തില്‍ വ്യായാമം നല്ലതാണ്, ഫ്രഷായിരിക്കാന്‍ എന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത് ഗാംഗുലിയിട്ട അടിക്കുറിപ്പ്. ഇതിന് താഴെ വളരെ നല്ലത് ദാദ, എന്താ ഇത് എന്ന് ചോദിച്ച് സച്ചിന്‍ രംഗത്തെത്തി.

View post on Instagram

ഇതിന് ഗാംഗുലി നല്‍കിയ മറുപടിയാകട്ടെ നന്ദി ചാമ്പ്യന്‍, എക്കാലത്തും വ്യായമത്തില്‍ തല്‍പരനായിരുന്നു, താങ്കള്‍ക്ക് ഓര്‍മയിലെ ആ പഴയ പരിശീലന കാലം എന്നായിരുന്നു ഗാംഗുലിയുടെ ചോദ്യം. പിന്നെ ഓര്‍മയില്ലെന്നോ, വ്യായാമവും പരിശീലനവുമെല്ലാം താങ്കള്‍ എത്രമാത്രം ആസ്വദിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാമല്ലോ, പ്രത്യേകിച്ചും വള്ളി ചാട്ടം(സ്കിപ്പിംഗ്) എന്നായിരുന്നു സച്ചിന്റെ ട്രോള്‍.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമായ ഗാംഗുലി-സച്ചിന്‍ ജോഡി 136 ഇന്നിംഗ്സുകളില്‍ 49.32 ശരാശരിയില്‍ 6609 റണ്‍സ് അടിച്ചിട്ടുണ്ട്.