മുംബൈ: ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമാണ്. ലോകമെങ്ങും പിതൃദിനം കൊണ്ടാടുന്നത് ഇതേദിവസം തന്നെയാണ്. അപ്പോള്‍ ഈ രണ്ട് ദിനങ്ങളും ഒറ്റ ചിത്രത്തിലൂടെ ആഘോഷമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

മകന്‍ അർജുൻ ടെന്‍ഡുൽക്കറെയും മകള്‍ സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സച്ചിന്റെ ട്വീറ്റ്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒട്ടേറെപ്പേർ പിതൃദിന, യോഗാ ദിന ആശംസകൾ നേർന്നിരുന്നു. പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരങ്ങളെല്ലാം ആശംസകൾ നേർന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, അജിൻക്യ രഹാനെ, ശിഖർ ധവാൻ, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവരെല്ലാം പിതൃദിനത്തിന്റെ ആശംസകൾ നേർന്നു. ഷാന്ത് ശർമ, ഹർജൻ സിങ് തുടങ്ങിയവർ യോഗാ ദിനത്തിന്റെ ആശംസകൾ നേർന്നും ട്വീറ്റ് ചെയ്തു.