മുംബൈ:ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയ പ്രമുഖരുടെ കേടുവന്ന ക്രിക്കറ്റ് ബാറ്റുകള്‍ ശരിയാക്കിക്കൊടുത്തിരുന്ന അഷ്റഫ് ചൗധരിയെത്തേടി ഒടുവില്‍ സച്ചിന്റെ സഹായഹസ്തമെത്തി. ക്രിക്കറ്റ് വൃത്തങ്ങളില്‍ അഷ്റഫ് ചാച്ചയെന്ന പേരില്‍ അറിയപ്പെടുന്ന അഷ്റഫ് ചൗധരി ന്യുമോണിയ ബാധയെ തുടര്‍ന്ന് 12 ദിവസമായി മുംബൈയിലെ സാവ്‌ല ആശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയിലെ ഭീമമായ ചികിത്സാചെലവ് താങ്ങാനാവാതെ പാടുപെടുന്ന അഷ്റഫിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സച്ചിന്‍ സഹായഹസ്തവുമായി എത്തിയത്. അഷ്റഫ് ചാച്ചയോട് സച്ചിന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നും അഷ്റഫിന്റെ അടുത്ത സുഹൃത്തായ പ്രശാന്ത് ജെഠ്മലാനി പിടിഐയോട് പറഞ്ഞു.അദ്ദേഹത്തിന്റെ ചികിത്സാച്ചെലവിന്റെ വലിയൊരു പങ്ക് സച്ചിനാണ് നല്‍കിയതെന്നും ജെഠ്‌മലാനി വ്യക്തമാക്കി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാജ്യാന്തര, ഐപിഎല്‍, മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്ഥിരം സാന്നിധ്യമായിരുന്ന അഷ്റഫ് ചൗധരിയാണ് സച്ചിന്റെയും കോലിയുടെയുമെല്ലാം ബാറ്റുകള്‍ നന്നാക്കി കൊടുത്തിരുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഓസീസ് താരം സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം സിക്സടിച്ചുകൂട്ടുന്നതും അഷ്റഫ് ചാച്ച ശരിയാക്കിക്കൊടുത്ത ബാറ്റുകൊണ്ടാണ്. തെക്കന്‍ മുംബൈയില്‍ അഷ്റഫിന് എം അഷ്റഫ് ബ്രോ എന്ന പേരില്‍ ബാറ്റ് കടയുണ്ട്. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് ഇവിടെവെച്ചാണ് പ്രമുഖരുടെ അടക്കം ക്രിക്കറ്റ് ബാറ്റുകള്‍ അദ്ദേഹം സൗജന്യമായി നന്നാക്കി കൊടുക്കാറുള്ളത്.