സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെ ആരാധകരുമായി സംവദിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ഇംഗ്ലണ്ട് താരം ജോ റൂട്ട് തന്‍റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ചോദ്യത്തിനും സച്ചിന്‍ മറുപടി നല്‍കി.

മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ആരാധകരും തമ്മില്‍ സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെ ആശയവിനിമയം നടത്തുന്നതിനിടെ സംഭവിച്ചത് രസകരമായ നിമിഷങ്ങള്‍. ഇന്നലെയാണ് സച്ചിനും ആരാധകരും തമ്മില്‍ റെഡ്ഡിറ്റിലൂടെ ആശയവിനിമയം നടത്തിയത്. എന്നാല്‍ തങ്ങളോട് സംസാരിക്കുന്നത് യഥാര്‍ത്ഥ സച്ചിനാണോ എന്ന് ഇതിനിടയില്‍ ഒരു ആരാധകന് സംശയമായതാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യൻ ടീമില്‍ കളിച്ചിരുന്നകാലത്ത് സഹതാരങ്ങളെ പറ്റിക്കുന്നതില്‍ മുമ്പിലായിരുന്നു സച്ചിന്‍. അതേ മാതൃകയിലായിരുന്നു സച്ചിന്‍ ആരാധകന്‍റെ സംശയത്തിന് മറുപടി നല്‍കിയത്.

ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ ചോദിച്ചത് ഇത് യഥാര്‍ത്ഥ സച്ചിനാണോ എന്നായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ആരാധകന്‍റെ ചോദ്യം സ്ക്രീനിൽ കാണിച്ച് അതിന് മുന്നിൽ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച സച്ചിന്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല, ഇനി ആധാര്‍ കാര്‍ഡും കൂടി കാണിക്കണോ എന്നുകൂടി ആരാധകനോട് ചോദിച്ചാണ് സച്ചിന്‍ ആരാധകന്‍റെ സംശയം തീര്‍ത്തത്.

ആരാധകരുമായി സംസാരിക്കുന്നതിനിടെ ജോ റൂട്ട് തന്‍റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ചോദ്യത്തിനും സച്ചിന്‍ മറുപടി നല്‍കി. ജോ റൂട്ട് ക്രിക്കറ്റില്‍ അരങ്ങേറിയകാലത്തു തന്നെ മികച്ച കളിക്കാരനാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ 13000 റണ്‍സ് തികയ്ക്കുക എന്നത് അസാമാന്യ നേട്ടമാണ്. 2012ല്‍ റൂട്ട് നാഗ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ എന്‍റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു, നമ്മള്‍ കാണുന്നത് ഇംഗ്ലണ്ടിന്‍റെ ഭാവി ക്യാപ്റ്റനെ ആണെന്ന്. ഏത് പിച്ചിലും ബാറ്റ് ചെയ്യാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമുള്ള റൂട്ടിന്‍റെ മികവാണ് ഞാന്‍ അന്ന് ശ്രദ്ധിച്ചത്. അന്നേ റൂട്ട് വലിയ താരമാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍റെ(15,921) റെക്കോര്‍ഡിനൊപ്പമെത്താൻ റൂട്ടിന്(13,543) ഇനി 2,378 റണ്‍സാണ് വേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക