എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും മികച്ച ബൗളർ ബുമ്രയാണ് എന്നാണ് സച്ചിന്‍റെ ട്വീറ്റ്
ലോർഡ്‍സ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ടീം ഇന്ത്യ തകർപ്പന്‍ ജയം സ്വന്തമാക്കിയത് ജസ്പ്രീത് ബുമ്രയുടെ(Jasprit Bumrah) മാസ്മരിക സ്പെല്ലിലാണ്. 7.2 ഓവർ എറിഞ്ഞ ബുമ്ര മൂന്ന് മെയ്ഡന്‍ ഓവറുകള്‍ സഹിതം ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് വെറും 110 റണ്ണില്‍ പുറത്താവുകയും ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ചേസ് ചെയ്യുകയുമായിരുന്നു. വിസ്മയ പ്രകടനത്തില്‍ ഗംഭീര പ്രശംസയാണ് ബുമ്രക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(Sachin Tendulkar) ഭാഗത്തുനിന്നുണ്ടായത്.
എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും മികച്ച ബൗളർ ബുമ്രയാണ് എന്നാണ് സച്ചിന്‍റെ ട്വീറ്റ്. ഓവല്‍ പിച്ചില്‍ നല്ല ബൗണ്‍സുള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളർമാർ കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞു. ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതായി, പ്രത്യേകിച്ച് ബുമ്ര വിസ്മയ പ്രകടനം കാട്ടി. ബുമ്രയാണ് എല്ലാ ഫോർമാറ്റിലേയുമായി മികച്ച ബൗളറെന്ന് ഞാന്‍ കുറച്ചുകാലമായി പറയുകയാണ്. ഇതിനോട് നാസർ ഹുസൈന്‍ കമന്‍ററിക്കിടെ യോജിച്ചത് സന്തോഷം പകരുന്നതായും സച്ചിന്‍ കുറിച്ചു.
പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഓവലിലെ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4). ബുമ്രയാണ് കളിയിലെ താരം.
എത്രതവണ റീപ്ലേ കണ്ടാലും ക്രിക്കറ്റ് പ്രേമികളുടെ രോമാഞ്ചം അവസാനിക്കാത്തൊരു സ്പെല്‍. അതാണ് ഓവലില്‍ ജസ്പ്രീത് ബുമ്ര തൊടുത്തുവിട്ടത്. 7.2 ഓവറില്‍ വെറും 19 റണ്ണിന് ആറ് വിക്കറ്റ് ബുമ്ര കീശയിലാക്കി. അതില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളും നാല് ബൗള്‍ഡുമുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം എന്ന റെക്കോർഡും ബുമ്ര കൈവശമാക്കി.
