Asianet News MalayalamAsianet News Malayalam

രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നോമിനേഷന്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ കായികമുഹൂര്‍ത്തത്തിനുള്ള പുരസ്‌കാരത്തിനാണ് സച്ചിന് നാമനിര്‍ദേശം

Sachin Tendulkar nominated for Laureus Sporting Moment Award
Author
Mumbai, First Published Jan 11, 2020, 5:12 PM IST

മുംബൈ: കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നോമിനേഷന്‍. 'ഗ്രേറ്റസ്റ്റ് ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്‍റ് 2000-2020'(കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും മഹത്തായ കായികമുഹൂര്‍ത്തം) പുരസ്‌കാരത്തിനാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടക്കം 20 പേരെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. 

2011 ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യന്‍ ടീമിനെ ചുമലിലേറ്റിയത് പരിഗണിച്ചാണ് സച്ചിന്‍റെ നാമനിര്‍ദേശം. സച്ചിന്‍റെ കരിയറിലെ ആറാം ലോകകപ്പിലായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കിരീടം. സച്ചിന് നോമിനേഷന്‍ ലഭിച്ചത് ക്രിക്കറ്റിന്‍റെ മഹത്തായ നിമിഷമെന്നാണ് ലോറസ് അക്കാദമി അംഗം കൂടിയായ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയുടെ പ്രതികരണം. 

'ക്രിക്കറ്റിന്‍റെ മഹത്തായ നിമിഷമാണിത്. ലോറസ് പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിക്കുക പ്രയാസമേറിയ കാര്യമാണ്. 2011 ലോകകപ്പിലെ മഹത്തായ സംഭാവനകള്‍ക്കാണ് സച്ചിന് നോമിനേഷന്‍. ഓസീസ് ക്രിക്കറ്റ് ടീം ലോറസ് ടീം ഓഫ് ദ് ഇയര്‍ ആയി 2002ല്‍ തെരഞ്ഞെടുക്കപ്പെട്ടത് ഓര്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് അത് അഭിമാന നിമിഷമായിരുന്നു' എന്നും സ്റ്റീവ് വോ വ്യക്തമാക്കി. 

ആരാധകര്‍ക്കായുള്ള വോട്ടിംഗിലൂടെയാണ് ലോറസ് സ‌പോര്‍ട്ടിംഗ് മൊമന്‍റ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക. ജനുവരി 10 മുതല്‍ ഫെബ്രുവരി 16 വരെയാണ് വോട്ടെടുപ്പ്. ബര്‍ലിനില്‍ ഫെബ്രുവരി 17ന് ലോറസ് കായിക പുരസ്‌കാരങ്ങളുടെ 20-ാം വാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും ആകെ 100 സെഞ്ചുറികളും നേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios