കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
മുംബൈ: പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ (Bismah Maroof) കുഞ്ഞിന് ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്ന ചിത്രം ഏറ്റെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
പിന്നാലെ ആ ചിത്രം മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറഞ്ഞതിങ്ങനെ... ''എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തില്‍ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്‌പോര്‍ട്‌സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു.'' സച്ചിന്‍ കുറിച്ചിട്ടു.
ഹര്‍മന്‍പ്രീത് കൗറാണ് സെല്‍ഫി എടുക്കുന്നത്. സ്മൃതി മന്ഥാന അടക്കമുള്ള താരങ്ങളും സെല്‍ഫിയിലുണ്ട്. കുഞ്ഞിനെ കളിപ്പിക്കാനും ഇന്ത്യന്‍ താരങ്ങള്‍ സമയം കണ്ടെത്തി. വീഡിയോ കാണാം...
ആദ്യ പ്രസവം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ലോകകപ്പ് പോലൊരു വലിയ വേദിയിലാണ് ബിസ്മ പാക്കിസ്ഥാനെ നയിക്കാനെത്തിയത്. ലോകകപ്പിനായി ആറു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ബിസ്മ ന്യൂസീലന്‍ഡിലെത്തിയപ്പോള്‍ മുതല്‍ വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു.
കുഞ്ഞിന്റെ സാന്നിധ്യം ടീമംഗങ്ങള്‍ക്കും പ്രചോദനമാവാറുണ്ടെന്നാണ് മറൂഫ് പറയുന്നത്. അവരുടെ വാക്കുകള്‍... ''ടീമിനൊപ്പം ഒരു കുഞ്ഞിന്റെ സാന്നിധ്യമുള്ളത് ടീമംഗങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജവും ചെറുതല്ല. എല്ലാവരെയും ശാന്തരാക്കാന്‍ കുഞ്ഞിന്റെ സാന്നിധ്യം ഉപകരിക്കും. ഒരു കാര്യത്തില്‍ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടും. ഒരു കുഞ്ഞ് അടുത്തുണ്ടെങ്കിലും ആവശ്യമില്ലാത്ത ചിന്തകളെല്ലാം അകന്നുപോകും.'' മറൂഫ് വ്യക്തമാക്കി.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പാകിസ്ഥാനെതിരെ 245 റണ്‍സാണ് കണ്ടെത്തിയത്. സ്മൃതി മന്ഥന (52), സ്‌നേഹ് റാണ (53 നോട്ടൗട്ട്), പൂജ വസ്ത്രകര്‍ (67) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ പിന്തുടര്‍ന്ന പാക് വനിതകള്‍ 43 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി.
