ശ്രേയസ് അയ്യരെ പോലുള്ള കളിക്കാരനെ പുറത്തിരുത്തുക ബുദ്ധിമുട്ടേറിയ തിരുമാനമായിരുന്നെങ്കിലും ടീമിന്‍റെ താല്‍പര്യം കണക്കിലെടുത്താണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് രോഹിത് പറഞ്ഞു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍(IND vs WI) നിന്ന് ശ്രേയസ് അയ്യരെ(Shreyas Iyer) ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ(Rohit Sharma). മധ്യനിരയില്‍ കളിക്കുന്ന കളിക്കാരനില്‍നിന്ന് ഓള്‍ റൗണ്ട് മികവാണ് ടീം പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് വെങ്കടേഷ് അയ്യരെ( Venkatesh Iyer) അന്തിമ ഇലവനില്‍ കളിപ്പിച്ചതെന്നും രോഹിത് ആദ്യ ടി20ക്കുശേഷം പറഞ്ഞു.

ശ്രേയസ് അയ്യരെ പോലുള്ള കളിക്കാരനെ പുറത്തിരുത്തുക ബുദ്ധിമുട്ടേറിയ തിരുമാനമായിരുന്നെങ്കിലും ടീമിന്‍റെ താല്‍പര്യം കണക്കിലെടുത്താണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് രോഹിത് പറഞ്ഞു. ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഓള്‍ റൗണ്ടറെയാണ് മധ്യനിരയിലേക്ക് നോക്കുന്നത്. അതാണ് ടീമിന്‍റെ ആവശ്യവും. ശ്രേയസ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ ഇത് ആരോഗ്യപരമായ മത്സരമായി എടുക്കുമെന്നും രോഹിത് പറഞ്ഞു.

ഇക്കാര്യം ശ്രേയസിനോട് ഞങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകകപ്പില്‍ മധ്യനിരയില്‍ പന്തെറിയാന്‍ കൂടി കഴിയുന്ന ഒരു കളിക്കാരനെ കളിപ്പിക്കാനാണ് ടീം ആഗ്രഹിക്കുന്നത്. അവരെല്ലാം മിടുക്കരായ കളിക്കാരാണ്. അതുകൊണ്ടുതന്നെ ടീമിന്‍റെ ആവശ്യം എന്താണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.

Read More: യഷ് ദുളിന് അപൂര്‍വ നേട്ടം, റെക്കോര്‍ഡ് പട്ടികയില്‍ സച്ചിനും രോഹിതും; മേഘാലയയെ കേരളം എറിഞ്ഞിട്ടു

പ്ലേയിംഗ് ഇലവനെ തീരുമാനിക്കുമ്പോള്‍ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സാഹചര്യങ്ങളും ഗ്രൗണ്ടിന്‍റെ വലിപ്പവും അങ്ങനെ പലഘടകങ്ങളും പരിഗണിക്കണം. അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കാത്തവര്‍ക്ക് നിരാശയുണ്ടാകും. പക്ഷെ അവരോടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. കാരണം, ടീമിന്‍റെ താല്‍പര്യമാണ് ഏറ്റവും പ്രധാനം-രോഹിത് പറഞ്ഞു.

ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ ശ്രേയസ് പതറുന്നതും അന്തിമ ഇലവനില്‍ സ്ഥാനം നേടുന്നതില്‍ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിലയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കുന്നതിന് ഷോര്‍ട്ട് ബോളുകളിലെ ബലഹീനതയും ശ്രേയസ് മറികടക്കേണ്ടിവരും.

കൊല്‍ക്കത്തയില്‍ പരിശീലനത്തിനിടെ ശ്രേയസിന് ഷോര്‍ട്ട് ബോള്‍ കളിക്കുന്നതില്‍ രോഹിത് ഉപദേശം നല്‍കുന്നത് കാണാമായിരുന്നു. ഇതിനുശേഷം ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ടീമിന്‍റെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രാഘവേന്ദ്രക്കൊപ്പം ശ്രേയസ് ഷോര്‍ട്ട് ബോളില്‍ പരിശീലനം നടത്തുകയും ചെയ്തു.

Read More: ദിനേശ് മോംഗിയയെയും പിന്നിലാക്കി; മെല്ലെപ്പോക്കില്‍ ഇഷാന്‍ കിഷന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

കഴിഞ്ഞ ആഴ്ച നടന്ന ഐപിഎല്‍ താരലേത്തില്‍ 12.25 കോടി രൂപക്കാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമിലെടുത്തത്.എന്നാല്‍ ഐപിഎല്ലിലെ തിളക്കം ടീമിന്‍റെ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കില്ലെന്ന് രോഹിത് മത്സരത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.