ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് ബൗണ്ടറികളുടെ എണ്ണത്തില്‍ ന്യൂസിലന്‍ഡ് തോറ്റെങ്കിലും ടൂര്‍ണമെന്റിന്റെ താരമായത് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണായിരുന്നു. വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം സമ്മാനിച്ചതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായത് സച്ചിനായിരുന്നു. അതുകൊണ്ടുതന്നെ വില്യംസണ് പുരസ്കാരം സമ്മാനിക്കാന്‍ ഇത്തവണ സച്ചിനേക്കാള്‍ അര്‍ഹനായ മറ്റൊരു താരമുണ്ടായിരുന്നില്ല.

വില്യംസണ് സച്ചിന്‍ പുരസ്കാരം കൈമാറുന്നതും ചെറിയ വാക്കുകളില്‍ എന്തോ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വില്യംസണ് സച്ചിന്‍ പുരസ്കാരം കൈമാറുന്നതിന്റെ ചിത്രമാകട്ടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അന്ന് താനെന്താണ് വില്യംസണോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍. ലോകം മുഴുവന്‍ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. മികച്ച ലോകകപ്പായിരുന്നു നിങ്ങള്‍ക്കിത് എന്ന് മാത്രമായിരുന്നു അന്ന് താന്‍ വില്യംസണോട് പറഞ്ഞതെന്ന് സച്ചിന്‍ വ്യക്തമാക്കി.

ഓവര്‍ ത്രോയിലെ നിര്‍ഭാഗ്യത്തെക്കുറിച്ചോ, സൂപ്പര്‍ ഓവറിനെക്കുറിച്ചോ വിചിത്രമായ ബൗണ്ടറി നിയമത്തെക്കുറിച്ചോ ഒന്നും ആ സമയം വില്യംസണോട് ഞാന്‍  പറഞ്ഞില്ല. ഏത് സാഹചര്യത്തിലും ശാന്തമായിരിക്കുന്ന  വില്യംസണിന്റെ പെരുമാറ്റം ആണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ലോകകപ്പ് നേടാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ടാണ്. പക്ഷെ ആ നിരാശ അദ്ദേഹത്തിന്റെ മുഖത്തില്ലായിരുന്നു.

വില്യംസണിന്റെ ക്യാപ്റ്റന്‍സി മികവിനെയും സച്ചിന്‍ പുകഴ്ത്തി. മറ്റാരും കാണാത്ത കണ്ണിലൂടെയാണ് വില്യംസണ്‍ ഓരോ കളിയെയും കാണുന്നത്. ചെറിയ സ്കോര്‍ പ്രതിരോധിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ഫീല്‍ഡ് പ്ലേസ്മെന്റും ബൗളിംഗ് മാറ്റങ്ങളുമെല്ലാം മികവുറ്റതാണ്. ഇന്ത്യക്കെതിരായ കളിയില്‍ ജഡേജ അടിച്ചു തകര്‍ക്കുമ്പോഴും അദ്ദേഹം ശാന്തനായിരുന്നു. ഒടുവില്‍ വിജയം വില്യംസണിന്റെയും ന്യൂസിലന്‍ഡിന്റെയും വഴിക്കായി. ഈ ഗുണങ്ങളാണ് തന്റെ ലോകകപ്പ് ഇലവന്റെ നായകനായി വില്യംസണെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും സച്ചിന്‍ പറ‍ഞ്ഞു.