2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐസിസി അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള ഡിആര്‍സ് എര്‍പ്പെടുത്തിയതെങ്കിലും വര്‍ഷങ്ങളോളം ബിസിസിഐ ഈ നിയമത്തോട് മുഖം തിരിച്ച് നിന്നിരുന്നു.

മുംബൈ: ക്രിക്കറ്റില്‍ ഒട്ടേറെ നിയമങ്ങളില്‍ പരിഷ്കാരം വരുന്നുണ്ടെങ്കിലും ഇപ്പോഴും ടീമുകളെ കുഴക്കുന്നതാണ് ഡിആര്‍സിലെ അമ്പയേഴ്സ് കോള്‍. എല്‍ബിഡബ്ല്യു അപ്പീലുകള്‍ നിഷേധിക്കപ്പെടുമ്പോഴോ എല്‍ബിഡബ്ല്യു അമ്പയര്‍ ഔട്ട് വിധിക്കുമ്പോഴോ ആണ് സാധാരണയായി കളിക്കാര്‍ അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനായി ഡിആര്‍സ് എടുക്കാറുള്ളുത്. എന്നാല്‍ പന്ത് ബാറ്ററുടെ ഓഫ് സ്റ്റംപിലോ ലെഗ് സ്റ്റംപിലോ കൊള്ളുമെന്ന് റിവ്യുവില്‍ വ്യക്തമായാലും ഓണ്‍ ഫീല്‍ഡ് അമ്പയറെടുത്ത തീരുമാനത്തിനാണ് സംശയത്തിന്‍റെ ആനുകൂല്യം നല്‍കി എല്ലായ്പ്പോഴും പ്രാമുഖ്യം ലഭിക്കുക.

ബൗളര്‍ എറിഞ്ഞ പന്ത് വിക്കറ്റിന്‍റെ ബെയ്ല്‍സ് ഒഴികെയുള്ള ഭാഗത്ത് ഒരു ശതമാനം മുതല്‍ 50 ശതമാനം കൊള്ളുമെന്ന് വ്യക്തമായാലും അമ്പയര്‍ നോട്ടൗട്ടാണ് വിധിച്ചതെങ്കില്‍ അത് നോട്ടൗട്ടാവും. ഔട്ടാണെങ്കില്‍ അത് ഔട്ടാവും. ഈ നിയമം പലപ്പോഴും ഉറച്ച എല്‍ബിഡബ്ല്യൂ തീരുമാനങ്ങള്‍ നിഷേധിക്കപ്പെടുന്നതിനോ ഉറപ്പില്ലാത്ത ഔട്ടുകള്‍ അനുവദിക്കപ്പെടുന്നതിനോ കാരണമാകാറുമുണ്ട്. എന്നാല്‍ ക്രിക്കറ്റിലെ ഈ നിയമമാണ് മാറ്റേണ്ടതെന്ന് തുറന്നുപറയുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിപ്പോള്‍. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ ആരാധകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ക്രിക്കറ്റില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന നിയമം ഏതെന്ന ചോദ്യത്തിന് മറുപടിയായി സച്ചിന്‍ അമ്പയേഴ്സ് കോള്‍ എന്ന് മറുപടി നല്‍കിയത്.

2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐസിസി അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള ഡിആര്‍സ് എര്‍പ്പെടുത്തിയതെങ്കിലും വര്‍ഷങ്ങളോളം ബിസിസിഐ ഈ നിയമത്തോട് മുഖം തിരിച്ച് നിന്നിരുന്നു. ഏറെക്കാലത്തിനുശേഷമാണ് ബിസിസിഐ ഡിആര്‍എസ് അംഗീകരിച്ചത്. കളിക്കാര്‍ക്കെന്ന അമ്പയര്‍മാര്‍ക്കും മോശം കാലമുണ്ടാകാമെന്നും ഇത്തരമൊരു സമയത്ത് അമ്പയര്‍ എടുക്കുന്ന ഒരു മോശം തീരുമാനം കളിയുടെ ഗതിയെ തന്നെ മാറ്റിമറിക്കാമെന്നും സച്ചിന്‍ പറഞ്ഞു.

ഓൺഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തിയുള്ളതുകൊണ്ടാകും കളിക്കാരന്‍ ഡിആര്‍എസ് എടുക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി അമ്പയറുടെ തീരുമാനം തന്നെ ശരിവെക്കുന്നത് ശരിയല്ലെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക