ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ലയാണ് നിലവില്‍ പ്രസിഡന്‍റിന്‍റെ ചുമതലകള്‍ വഹിക്കുന്നത്. എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അടുത്ത ബിസിസിഐ പ്രസിഡന്‍റാക്കാനുള്ള അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുവെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

പ്രസിഡന്‍റിന് പുറമെ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറര്‍, ഐപിഎല്‍ ചെയര്‍മാന്‍ എന്നീ പദവികളിലേക്കും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവര്‍ക്കും സ്വീകാര്യനായ സച്ചിന്‍റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമം. ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിനുമായി ഇതുസംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ ബോര്‍ഡ് പ്രതിനിധികള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് സച്ചിന്‍ എന്ത് മറുപടിയാണ് നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കായിക സംഘടനകളുടെ ചുമതല മുൻ താരങ്ങളെ തന്നെയേല്‍പ്പിക്കുന്നതിനോട് കേന്ദ്ര സര്‍ക്കാരിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി പി ടി ഉഷയെ നിയമിച്ചതും ഇതിന്‍റെ ഭാഗമായാണ്. കായിക സംഘടനകളെ നയിക്കാന്‍ മുന്‍ താരങ്ങള്‍ തന്നെ വരുന്നത്, സംഘടനകളുടെ വിശ്വാസ്യത കൂട്ടുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഗുസ്തി അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍ വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സച്ചിനെപ്പോലെ ആദരണീയനായ ഒരു വ്യക്തിത്വം ബിസിസിഐയുടെ തലപ്പത്ത് വരുന്നത് ബിസിസിഐയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് ബിസിസിഐയുടെ നിലപാട്.

സച്ചിന്‍റെ സഹതാരമായിരുന്ന സൗരവ് ഗാംഗുലി 2019-22 കാലയളവില്‍ ബിസിസിഐ പ്രസിഡന്‍റായിരുന്നു. ഗാംഗുലിയുടെ പിന്‍ഗാമിയായി 1983ലെ ലോകകപ്പ് ഹീറോ ആയ റോജര്‍ ബിന്നിയാണ് ബിസിസിഐയെുടെ തലപ്പത്തെത്തിയത്. ഇതിന്‍റെ തുടര്‍ച്ചയായാണ് സച്ചിനെയും പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സച്ചിന്‍റെ നിലപാടാവും നിര്‍ണായകമാകുക. ഗാംഗുലിയെയോ റോജര്‍ ബിന്നിയെയോ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് ഇതിന് മുമ്പ് ചുമതലകളൊന്നും സച്ചിന്‍ വഹിച്ചിട്ടില്ല. വിരമിച്ചശേഷം മുംബൈ ഇന്ത്യൻസിന്‍റെ മെന്‍റര്‍ പദവി വഹിച്ചതും മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയുടെ ചുമതലയില്‍ ഇരുന്നതും മാത്രമാണ് സച്ചിന്‍റെ ഭരണപരമായ പരിചയം. പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ അപൂര്‍വമായി കമന്‍റേറ്ററായും സച്ചിന്‍ എത്തിയിട്ടുണ്ട്. 2023ല്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ഗാംഗുലിയുടെ പിന്‍ഗാമിയായി ബിസിസിഐ പ്രസിഡന്‍റാവുമോ എന്ന് സച്ചിനോട് ചോദിച്ചപ്പോള്‍ സച്ചിന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

ഞാന്‍ അധികം പേസ് ബൗളിംഗ് ചെയ്തിട്ടില്ല. പക്ഷെ സൗരവ് സ്വയം പേസറാണെന്ന് കരുതുന്ന ആളാണ്. ടൊറാന്‍റോയില്‍ പാകിസ്ഥാനെതിരായ സഹാറ കപ്പില്‍ സൗരവ് വിക്കറ്റെടുത്തപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് ശ്രമിച്ചാല്‍ ഒരു 140 കിലോ മീറ്റര്‍ വേഗതയിലൊക്കെ എറിയാനാകുമെന്നാണ്. ഞാന്‍ തീര്‍ച്ചയായും നിനക്ക് പറ്റുമെന്ന് മറുപടി നല്‍കി. രണ്ട് ദിവസം കഠിനമായി പരിശീലിച്ചെങ്കിലും ഒടുവില്‍ സൗരവ് 140 കിലോ മീറ്റര്‍ വേഗത കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അതിനുശേഷം അദ്ദേഹം ഒരിക്കലും 140 കിലോ മീറ്റര്‍ വേഗതയെക്കുറിച്ച് പറഞ്ഞിട്ടില്ല. എനിക്കെന്തായാലും 140 കിലോ മീറ്റര്‍ വേഗതയില്‍ എറിയാനാവില്ല എന്നായിരുന്നു സച്ചിന്‍റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക