റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളായിരുന്നു എം എസ് ധോണി. ഏത് പ്രതിസന്ധിഘട്ടത്തിലും ശാന്തത കൈവിടാതെ നില്‍ക്കുന്ന ധോണി ദേഷ്യപ്പെടുന്നത് അപൂര്‍വമായി മാത്രമെ ആരാധകര്‍ കണ്ടിട്ടുള്ളു. എന്നാല്‍ ധോണിയെ ദേഷ്യം പിടിപ്പിക്കുന്ന ഒരേയൊരാള്‍ ആരാണെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷി ധോണി. തന്‍റെ 32-ാം ജന്‍മദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സാക്ഷിയുടെ തുറന്നുപറച്ചില്‍.

കളിക്കളത്തിന് പുറത്ത് ധോണിയെ ദേഷ്യം പിടിപ്പിക്കുന്ന ഒരേയൊരാള്‍ താന്‍ മാത്രമാണെന്ന് സാക്ഷി പറയുന്നു. അതിന് കാരണം അദ്ദേഹവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആള്‍ എന്നതാണെന്നും സാക്ഷി വ്യക്തമാക്കി.അദ്ദേഹം എല്ലായ്പ്പോഴും ശാന്തനാണ്. ഞാന്‍ മാത്രമാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്ന ഒരേയൊരാള്‍. കാരണം ഞാനാണല്ലോ, അദ്ദേഹവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നതും എന്നോടു തന്നെയാണ്. എനിക്കതില്‍ യാതൊരു പ്രശ്നവുമില്ല-സാക്ഷി പറഞ്ഞു.

വീട്ടില്‍ തങ്ങളിരുവരും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറേയില്ലെന്ന് സാക്ഷി പറയുന്നു. ആര് പറഞ്ഞാലും കേള്‍ക്കാത്ത മകള്‍ സിവ പക്ഷെ ധോണി പറഞ്ഞാല്‍ എല്ലാം അനുസരിക്കും. സിവയോട് ഞാന്‍ ഭക്ഷണം വേഗം കഴിക്കാനോ, പച്ചക്കറികള്‍ കഴിക്കാനോ പറഞ്ഞാല്‍ അവള്‍ കേട്ട ഭാവം നടിക്കില്ല. ഒരു പത്തുതവണയെങ്കിലും ഞാനും ധോണിയുടെ അമ്മയും, ഷീല ആന്‍റിയും എല്ലാം അവളോട് പറഞ്ഞാലും അവള്‍ അനുസരിക്കില്ല. എന്നാല്‍ ധോണി ഒറ്റത്തവണ പറഞ്ഞാല്‍ മതി, അവള്‍ അപ്പോള്‍ അനുസരിക്കും.

രാജ്യാന്തര ക്രിക്കറ്റില്‍ ധോണി അരങ്ങേറ്റം കുറിച്ച സമയത്ത് അദ്ദേഹത്തിന് നീണ്ട ചെമ്പന്‍ മുടിയുണ്ടായിരുന്നു. എല്ലാവരും അതിന്‍റെ ആരാധകരുമായിരുന്നു. ഭാഗ്യത്തിന് അദ്ദേഹത്തെ ഞാന്‍ നേരില്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ആ നീളന്‍ മുടിയില്ല. അഥവാ ഉണ്ടായിരുന്നെങ്കില്‍ ഞാനദ്ദേഹത്തെ നോക്കുകപോലും ചെയ്യില്ലായിരുന്നു. കാരണം നീളന്‍ മുടി ചേരുന്നത് ചിലര്‍ക്ക് മാത്രമാണ്. ഉദാഹരണമായി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിനെപ്പോലുള്ളവര്‍ക്ക്. അതുകൊണ്ടുതന്നെ നീളന്‍ മുടി ധോണിക്ക് ചേരുന്നതായിരുന്നില്ലെന്നും സാക്ഷി വീഡിയോയില്‍ പറഞ്ഞു.