റാഞ്ചി: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി വിരമിച്ചുവെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് ഭാര്യ സാക്ഷി. കഴിഞ്ഞ ദിവസം  ട്വിറ്ററിലാണ് ധോണി റിട്ടയേഴ്സ് എന്ന ഹാഷ് ടാഗ് വൈറലായി മാറിയിരുന്നു. പത്ത് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോണി. പലരും ഈ ഹാഷ് ടാഗ് വിശ്വസിക്കുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് സാക്ഷി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ലോക്ക്ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചിരിക്കുന്നുവെന്നാണ് സാക്ഷി പറഞ്ഞത്. പിന്നാലെ ആ ട്വീറ്റ് ഒഴിവാക്കുകയും ചെയ്തു. സാക്ഷിയുടെ ട്വീറ്റ് ഇങ്ങനെ... ''ഇവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് ! ലോക്ക്ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചിരിക്കുന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും!'' സാക്ഷി കുറിച്ചിട്ടു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങിവരാന്‍ അദ്ദേഹം തയ്യാറെടുക്കവെയാണ് കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിയത്. ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെ സഹതാരമായ ഹര്‍ഭജന്‍ സിങ് നേരത്തേ പ്രതികരിച്ചിരുന്നു.

ഇന്ത്യക്കു വേണ്ടി ഒരുപാട് കളിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ വീണ്ടും ദേശീയ ടീമിനായി കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് തനിക്കു തോന്നുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു.