സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റ്  സമാപിച്ചിട്ട് രണ്ട് മാസമായിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പലരുടെയും പരാതി. 

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത സംഘാടകര്‍ക്ക് പ്രതിഫലം നല്‍കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. മാച്ച് ഓഫീഷ്യല്‍ അമ്പയർമാർ, സ്കോറർമാർ, വിഡിയോ അനലിസ്റ്റുകൾ എന്നിങ്ങനെ 400 പേര്‍ക്കാണ് ബിസിസിഐ പ്രതിഫലം നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മുടങ്ങിയ രഞ്ജി ട്രോഫിയില്‍ കളിക്കാനിരുന്ന താരങ്ങള്‍ക്ക് ബിസിസിഐ നഷ്ടപരിഹാരം നല്‍കാം എന്ന് സമ്മതിച്ചിരുന്നെങ്കിലും അതും ബിസിസിഐ നല്‍കിയിട്ടില്ല. 

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, ഒരു ടൂര്‍ണമെന്‍റ് സമാപിച്ച് 15 ദിവസത്തിനുള്ളില്‍ ബിസിസിഐ പ്രതിഫലം വിതരണം ചെയ്യാറുണ്ട്. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റ് സമാപിച്ചിട്ട് രണ്ട് മാസമായിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പലരുടെയും പരാതി. 

ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജറായ സാബ കരീം കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. നിലവിൽ ബിസിസിഐയിൽ ഒരു ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ നിലവില്‍ ഇല്ല. ഇതിനാലാണ് ഇത്തരം കാര്യങ്ങളില്‍ തടസം നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ ടൂർണമെന്‍റുകൾ മാത്രമാണ് നടത്തിയത്. ഇപ്പോൾ സീനിയർ വനിതകളുടെ 50 ഓവർ മത്സരങ്ങൾ നടക്കുകയാണ്.