ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍സിയുടെ പേരില്‍ തന്‍റെ വ്യക്തിത്വം മാറ്റില്ലെന്നും ആരുടെയും നിഴലില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെകെആറിന്‍റെ ഐപിഎല്‍ വിജയത്തിന്‍റെ ക്രെഡിറ്റ് ഗംഭീറിന് ലഭിച്ചതിലുള്ള അതൃപ്തിയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

മുംബൈ: ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ശക്തമായ നിലപാടുമായി ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍സി വലിയൊരു വെല്ലുവിളിയാണെന്നും എന്നാല്‍ അതിന്റെ പേരില്‍ തന്റെ വ്യക്തിത്വമോ കളിശൈലിയോ മാറ്റാന്‍ താന്‍ തയ്യാറല്ലെന്നും മുംബൈ ബാറ്റര്‍ വ്യക്തമാക്കി. താന്‍ ആരുടെയും നിഴലില്‍ ഒതുങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കഴിഞ്ഞ ദിവസമാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലും ശ്രേയസ് ഇന്ത്യയെ നയിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാപ്റ്റന്‍സിയെ കുറിച്ച് ശ്രേയസ് പറഞ്ഞതിങ്ങനെ... ''ചെറുപ്പം മുതലേ വെല്ലുവിളികള്‍ നേരിടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് കടുത്ത മത്സരമുള്ള മുംബൈ ക്രിക്കറ്റില്‍ നിന്ന് വരുമ്പോള്‍ അതൊരു ശീലമായി മാറും. മുംബൈയിലെ തെരുവുകളിലെ ഓരോ കുട്ടിയും ക്രിക്കറ്റില്‍ മുംബൈയെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കരിയറിലെ വെല്ലുവിളികളെല്ലാം ജയിക്കുക എന്നതായിരുന്നു എന്റെ മാനസികാവസ്ഥ.'' ശ്രേയസ് അയ്യര്‍ പറഞ്ഞു.

താരം തുടര്‍ന്നു... ''ക്യാപ്റ്റന്‍ എന്ന നിലയിലുള്ള ഈ പുതിയ പദവി വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍ ഇതിനായി എന്റെ വ്യക്തിത്വം മാറ്റേണ്ട കാര്യമില്ല. ഞാന്‍ മുമ്പ് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും ഇനിയും. മറ്റൊരാളാകാനോ, ആരുടെയും നിഴലിന് കീഴില്‍ നില്‍ക്കാനോ ഞാന്‍ ശ്രമിക്കില്ല.'' ശ്രേയസ് കൂട്ടിചേര്‍ത്തു. 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ശ്രേയസ് ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്.

ഗൗതം ഗംഭീറിനെതിരെയുള്ള പരോക്ഷ വിമര്‍ശനമോ?

'മറ്റൊരാളുടെ നിഴലില്‍ നില്‍ക്കില്ല' എന്ന ശ്രേയസിന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 2024-ല്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയപ്പോള്‍, അതിന്റെ മുഴുവന്‍ ക്രെഡിറ്റും ടീം മെന്ററായിരുന്ന ഗംഭീറിനാണ് ക്രിക്കറ്റ് ലോകം നല്‍കിയത്. ഇതില്‍ ശ്രേയസിന് അതൃപ്തിയുണ്ടായിരുന്നതായും ഇതേത്തുടര്‍ന്നാണ് അദ്ദേഹം കെകെആര്‍ വിട്ട് പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് സെലക്ടര്‍മാര്‍ ശ്രേയസിന് ചുമതല നല്‍കിയത്. ഈ തീരുമാനത്തെ സൂര്യകുമാര്‍ പോസിറ്റീവായിട്ടാണ് സ്വീകരിച്ചത്. ഇന്ത്യയെ നയിച്ച അവസാന മൂന്ന് ടി20 ക്യാപ്റ്റന്മാരും (രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍) മുംബൈയില്‍ നിന്നുള്ളവരാണെന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

YouTube video player