Asianet News MalayalamAsianet News Malayalam

ദ്രാവിഡ് എന്തുകൊണ്ട് ഇന്ത്യന്‍ പരിശീലകനാകും; ഇക്കാരണങ്ങള്‍ ധാരാളമെന്ന് സല്‍മാന്‍ ബട്ട്

ദ്രാവിഡ് തന്നെ ഇന്ത്യയുടെ മുഖ്യ കോച്ച് സ്ഥാനത്തിന് അര്‍ഹന്‍ എന്ന് പറയുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്

Salman Butt backs Rahul Dravid as Team India next head coach
Author
Mumbai, First Published Oct 18, 2021, 11:37 AM IST

മുംബൈ: ടീം ഇന്ത്യയുടെ(Team India) മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്(Rahul Dravid) നറുക്ക് വീഴാനാണ് സാധ്യത. ദ്രാവിഡിനെ ബിസിസിഐ(BCCI) തെരഞ്ഞെടുത്തുകഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്നലെ പരിശീലക സംഘത്തിനായി അപേക്ഷകള്‍ ബിസിസിഐ ക്ഷണിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പോലെ ദ്രാവിഡ് തന്നെ ഇന്ത്യയുടെ മുഖ്യ കോച്ച് സ്ഥാനത്തിന് അര്‍ഹന്‍ എന്ന് പറയുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്(Salman Butt). 

'രവി ശാസ്‌ത്രിക്ക് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകും എന്നാണ് വിലയിരുത്തല്‍. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പവും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്‌ടര്‍ സ്ഥാനത്തും ദ്രാവിഡ് തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് സമ്പൂര്‍ണ താരങ്ങളെ സമര്‍പ്പിച്ച പരിശീലകനാണ് അദേഹം. സീനിയര്‍ ടീമിന്‍റെ റോള്‍ ഏറ്റെടുക്കാന്‍ അതിനാല്‍ത്തന്നെ ദ്രാവിഡ് ഉചിതനാണ്. രാഹുല്‍ ദ്രാവിഡ് മഹാനായ ക്രിക്കറ്ററാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള അദേഹത്തിന്‍റെ പദ്ധതി വേറിട്ടുനില്‍ക്കുന്നു. ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാന്‍ ഇത്തരം നിരവധി കാരണങ്ങള്‍ ദ്രാവിഡിന് തുണയാണ്' എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. 

രവി ശാസ്ത്രിയെ മറികടക്കും; പരിശീലക സ്ഥാനത്തേക്ക് വരുന്ന രാഹുല്‍ ദ്രാവിഡിന് റെക്കോഡ് തുക പ്രതിഫലം!

ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകര്‍ക്കായി ബിസിസിഐ ഞായറാഴ്‌ച അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്‌ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷകള്‍ ക്ഷണിച്ചതായാണ് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒക്‌ടോബര്‍ 26 വൈകിട്ട് അഞ്ച് മണിയാണ് അപേക്ഷ നല്‍കാനുള്ള അവസാന സമയം. മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ നവംബര്‍ മൂന്ന് വരെ അവസരമുണ്ട്. യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിക്കും. 

ധോണി മെന്‍ററായി വരുന്നതില്‍ സന്തോഷം, ദ്രാവിഡ് പരിശീലകനായി വരുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കോലി

സാധ്യതകള്‍ ദ്രാവിഡിന് 

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായെത്തുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദുബായില്‍ ഐപിഎല്‍ ഫൈനലിനിടെ ദ്രാവിഡിനെ കണ്ട ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യം ഉറപ്പാക്കിയതായായിരുന്നു വാര്‍ത്ത. രണ്ട് വര്‍ഷത്തേക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ ആറ് വര്‍ഷക്കാലമായി പരിശീലിപ്പിക്കുന്ന പരിചയം ദ്രാവിഡിനുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു. 

ദ്രാവിഡ് എങ്കില്‍ പിന്നെന്തിന് അപേക്ഷ ക്ഷണിക്കല്‍? ഇന്ത്യന്‍ പരിശീലകനെ തേടി പരസ്യം നല്‍കി ബിസിസിഐ

Follow Us:
Download App:
  • android
  • ios