ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 46 റണ്‍സടിച്ച് അരങ്ങേറിയ സഞ്ജു ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 27 റണ്‍സടിച്ച സഞ്ജു രണ്ടാം മത്സരത്തില്‍ ഏഴും മൂന്നാം മത്സരത്തില്‍ പൂജ്യനായും പുറത്തായിരുന്നു.

കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ലഭിച്ച അവസരം മുതലാക്കിയിരുന്നെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ എക്കാലത്തേക്കും ഓര്‍മിപ്പിക്കപ്പെടുമായിരുന്നുവെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ അലസനായാണ് സഞ്ജു കളിച്ചതെന്നും സല്‍മാന്‍ ബട്ട് യുട്യൂബ് ചാനലില്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 46 റണ്‍സടിച്ച് അരങ്ങേറിയ സഞ്ജു ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 27 റണ്‍സടിച്ച സഞ്ജു രണ്ടാം മത്സരത്തില്‍ ഏഴും മൂന്നാം മത്സരത്തില്‍ പൂജ്യനായും പുറത്തായിരുന്നു.

സഞ്ജു വളരെ അലസമായാണ് ബാറ്റ് ചെയ്തത്. ഒരു ബൗളറുടെ പന്തുകള്‍ പിടികിട്ടുന്നില്ലെങ്കില്‍ അയാള്‍ക്കെതിരെ പാഡുപയോഗിച്ച് കളിക്കാന്‍ ശ്രമിക്കരുത്. വനിഡു ഹസരങ്കക്കെതിരെ ബാക് ഫൂട്ടിലിറങ്ങി എക്രോസ് ദ് ലൈന്‍ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ പന്ത് മിസ് ചെയ്താല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങും. അതു തന്നെ സംഭവിക്കുകയും ചെയ്തു. സഞ്ജുവിന്‍റെ അലസ സമീപനം മൂലമാണ് അത് സംഭവിച്ചത്.

ടീമിലാകെ അഞ്ച് ബാറ്റ്സ്മാന്‍മാരെയുള്ളുവെന്നും അതില്‍ രണ്ട് പേര്‍ പുറത്തായി എന്ന് അറിഞ്ഞിട്ടും കൂടുതല്‍ ശ്രദ്ധയോടെ സഞ്ജു ബാറ്റ് ചെയ്യണമായിരുന്നു. എന്നാല്‍ അത് സഞ്ജുവില്‍ നിന്നുണ്ടായില്ല. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തി നേടിയ പെരുമക്കൊത്ത പ്രകടനമല്ല സഞ്ജുവില്‍ നിന്നുണ്ടായത്.

റിതുരാജ് ഗെയ്‌ക്‌വാദും ദേവ്ദത്ത് പടിക്കലും സഞ്ജുവിനെ പോലെ തിളങ്ങാതെ പോയവരാമെങ്കിലും അവര്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ സ‍ഞ്ജു തന്‍റെ പ്രതിഭക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഘട്ടങ്ങളില്‍ അത് ചെയ്തില്ല. ഇത്തരം അവസരങ്ങളിലാണ് ഒരു കളിക്കാരന് അയാളുടെ പേര് എന്നും ഓര്‍മിക്കത്തക്കതാക്കാന്‍ കഴിയുക. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയും പേരെടുത്ത ബാറ്റ്സ്മാനാവുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോള്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ബട്ട് പറഞ്ഞു.