ബംഗളൂരു: സ്‌കൂള്‍ ക്രിക്കറ്റില്‍ വീണ്ടും അത്ഭുതങ്ങള്‍ കാണിച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. രണ്ട് മാസത്തിനിടെ രണ്ടാം ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് സമിത്. മല്യ അഥിതി ഇന്റര്‍നാഷണില്‍ സ്‌കൂളിനുവേണ്ടിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡിന്റെ മകന്റെ വിസ്മയ പ്രകടനം. ബംഗളുരുവില്‍ നടന്ന ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 മത്സരത്തില്‍ അറ്റാക്കിങ് ക്രിക്കറ്റാണ് സമിത് പുറത്തെടുത്തത്. മല്യ അഥിതി ഇന്റര്‍നാഷനല്‍ സ്‌കൂളിനുവേണ്ടി 146 പന്തില്‍നിന്നും 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സ് സമിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

സമിത്തിന്റെ ബാറ്റിങ് മികവില്‍ ശ്രീകുമാരന്‍ ചില്‍ഡ്രന്‍സ് അക്കാദമിക്കെതിരെ 50 ഓവറില്‍ 377 റണ്‍സാണ് മല്യ സ്‌കൂള്‍ നേടിയത്. കൂറ്റന്‍ സ്‌കോറിന് മുന്നില്‍ എതിര്‍ടീമിന് പിടിച്ചുനില്‍ക്കാന് സാധിച്ചില്ല. 110 റണ്‍സിന് അവര്‍ പുറത്തായി. 267 റണ്‍സിനായിരുന്നു മല്യ സ്‌കൂളിന്റെ വിജയം. ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ രണ്ട് വിക്കറ്റും സമിത് നേടി. നേരത്തെ വൈസ് പ്രസിഡന്റ് ഇലവനുവേണ്ടി ദാര്‍വാഡ് സോണിനെതിരെ 201 റണ്‍സടിച്ച് സമിത് ശ്രദ്ധേയനായിരുന്നു.

മുമ്പ് അണ്ടര്‍ 12 മത്സരങ്ങളിലും കുഞ്ഞുദ്രാവിഡ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇന്റര്‍സോണ്‍ മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളില്‍നിന്നും 295 റണ്‍സ് നേടിയും സമിത്ത് വരവറിയിച്ചിരുന്നു.