വനൗതു ബൗളര്‍ നളിന്‍ നിപികോക്കെതിരെ ഒരോവറില്‍ വൈസ്സര്‍ 39 റണ്‍സടിച്ചാണ് യുവിയുടെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തത്.

ഗാര്‍ഡൻ ഓവല്‍(അപിയ): സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്സ് പറത്തി 36 റണ്‍സടിച്ച ഇന്ത്യയുടെ യുവരാജ് സിംഗിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍ താരം ഡാരിയസ് വൈസ്സര്‍. ടി20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യാ പസഫിക് ക്വാളിഫയര്‍ മത്സരത്തില്‍ വനൗതു ബൗളര്‍ നളിന്‍ നിപികോക്കെതിരെ ഒരോവറില്‍ വൈസ്സര്‍ 39 റണ്‍സടിച്ചാണ് യുവിയുടെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തത്. നിപിക്കെതിരെ വൈസ്സറും ആറ് സിക്സ് പറത്തിയതിനൊപ്പം മൂന്ന് നോ ബോള്‍ കൂടി ലഭിച്ചതോടെയാണ് ഒരോവറില്‍ 39 റണ്‍സ് പിറന്നത്.

2007ലെ ആദ്യ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരോവറില്‍ 36 റണ്‍സടിച്ചശേഷം 2021ല്‍ കെയ്റോൺ പൊള്ളാര്‍ഡും ഈ വര്‍ഷം നിക്കോളാസ് പുരാനും നേപ്പാള്‍ താരം ദിപേന്ദ്ര സിംഗ് ഐറിയും ഒരോവറില്‍ 36 റണ്‍സ് വീതം നേടിയിട്ടുണ്ടെങ്കിലും 39 റണ്‍സടിക്കുന്നത് ആദ്യമായാണ്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ സമോവൻ ബാറ്ററെന്ന റെക്കോര്‍ഡും വൈസ്സര്‍ ഇന്ന് സ്വന്തമാക്കി.മത്സരത്തിലാകെ 14 സിക്സുകള്‍ പറത്തി 62 പന്തില്‍ 132 റണ്‍സടിച്ച വെസ്സര്‍ ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സമോവ 20 ഓവറില്‍ 174 റണ്‍സടിച്ചപ്പോള്‍ വനൗതുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ജയത്തോടെ സമോവ 2026ലെ ടി20 ലോകകപ്പിന് യോഗ്യത നേടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. നേരത്തെ ഫിജിക്കെതിരെയും സമോവ വിജയം നേടിയിരുന്നു. സമോവ, ഫിജി, വനൗതു, കുക്ക് ഐലന്‍ഡ്സ്, പാപുവ ന്യൂ ഗിനിയ ടീമുകളാണ് 2026ലെ ലോകകപ്പ് യോഗ്യതക്കായി ഈ മേഖലയില്‍ നിന്ന് മത്സരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക