മുംബൈ: കരിയറിന്‍റെ തുടക്കകാലത്ത് മൈതാനത്തെ വൈകാരിക പ്രതികരണങ്ങള്‍ക്ക് കടുത്ത വിമര്‍ശനം കേട്ടിരുന്നു വിരാട് കോലി. ഇതോടെ കലിപ്പന്‍ പട്ടം ആരാധകര്‍ കോലിക്ക് ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ പക്വത കൈവന്ന കോലിയെയാണ് ഇപ്പോള്‍ മൈതാനത്ത് കാണുന്നത്. കോലിയുടെ ഈ മനംമാറ്റത്തിന് പിന്നിലെ കാരണം ചികയുകയാണ് ഇന്ത്യന്‍ മുന്‍ താരവും ചീഫ് സെലക്‌ടറുമായിരുന്ന സന്ദീപ് പാട്ടീല്‍.

ഒരു അഭിമുഖത്തില്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞതിങ്ങനെ. 'ക്ഷോഭിച്ച ഭാവത്തില്‍ നിന്ന് കോലി ശാന്തനായി മാറിയതെങ്ങനെ. കാരണം എനിക്കറിയണമെന്നുണ്ട്'- പാട്ടീല്‍ പറഞ്ഞു. കോലിയുടെ മാറ്റത്തെ പ്രശംസിക്കാന്‍ പാട്ടീല്‍ മറന്നില്ല.

സന്ദീപ് പാട്ടീലിന്‍റെ വാക്കുകള്‍ കാണാം

ക്രിക്കറ്റ് കരിയറിലെ വിസ്‌മയ വര്‍ഷങ്ങളിലൂടെ കടന്നുപോവുകയാണ് വിരാട് കോലി. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് പേരെടുത്ത കോലി ആരാധകരാല്‍ 'കിംഗ്' എന്ന് വാഴ്‌ത്തപ്പെട്ടു. ടെസ്റ്റിലും ഏകദിനത്തിലും നമ്പര്‍ വണ്‍ ബാറ്റ്‌മാനായ കോലി ടി20യില്‍ ഒന്‍പതാം സ്ഥാനത്തുണ്ട്. ടീം റാങ്കിംഗില്‍ കോലിക്ക് കീഴില്‍ ടെസ്റ്റില്‍ ഒന്നാംസ്ഥാനവും ഏകദിനത്തില്‍ രണ്ടാംസ്ഥാനവും ടി20യില്‍ അഞ്ചാംസ്ഥാനവും ഇന്ത്യക്കുണ്ട്. മികച്ച ബാറ്റ്സ്‌മാനായുള്ള കോലിയുടെ വളര്‍ച്ചാകാലയളവില്‍ മുഖ്യ സെലക്‌ടറായിരുന്നു സന്ദീപ് പാട്ടീല്‍.