ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 18-ൽ താഴെ ശരാശരിയിലും 7.95 ഇക്കോണമിയിലും 28 വിക്കറ്റുകളാണ് 36-കാരനായ ഭുവനേശ്വർ എറിഞ്ഞിട്ടത്.

മുംബൈ: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടി20 ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വർ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് മഞ്ജരേക്കറുടെ പ്രതികരണം.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 18-ൽ താഴെ ശരാശരിയിലും 7.95 ഇക്കോണമിയിലും 28 വിക്കറ്റുകളാണ് 36-കാരനായ ഭുവനേശ്വർ എറിഞ്ഞിട്ടത്. ആർസിബിയുടെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചതും ഭുവിയായിരുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലാണ് മഞ്ജരേക്കർ ഭുവനേശ്വറിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്:

ഏതൊരു ബൗളറും ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അവനെ നേരിട്ട് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം, ബാറ്റർമാർക്ക് പൂർണ്ണ മേൽക്കൈയുള്ള ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തെറിയുക എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ഐപിഎല്ലിന് തൊട്ടുപിന്നാലെ തന്നെ ഭുവനേശ്വറിന് ടീമിൽ ഇടം ലഭിക്കണമായിരുന്നു. റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അദ്ദേഹം കാണിച്ച സ്ഥിരതയും മികവും മത്സരത്തിന്‍റെ ഗതി തന്നെ മാറ്റാൻ ശേഷിയുള്ളതായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഭുവനേശ്വറിന്‍റെ ക്രിക്കറ്റ് ബുദ്ധിയും കളിയിലെ പരിചയസമ്പത്തും തിരിച്ചുവരവിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് മഞ്ജരേക്കർ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 87 ടി20 മത്സരങ്ങളിൽ നിന്ന് 6.96 ഇക്കോണമിയിൽ 90 വിക്കറ്റുകൾ നേടിയിട്ടുള്ള അനുഭവസമ്പത്ത് ഭുവിക്കുണ്ട്. ഭുവനേശ്വറിന്‍റെ പരിചയ സമ്പത്തും മനോഭാവവും കളിയിലെ തന്ത്രങ്ങളും ഇന്നത്തെ ആധുനിക പവർ ഹിറ്റർമാർക്കെതിരെ ഉപയോഗിക്കാൻ പോന്നതാണ്. ഇത് ടീം ഇന്ത്യയ്ക്ക് മികച്ചൊരു കോംബിനേഷനായിരിക്കും. സ്റ്റമ്പിലേക്ക് ആക്രമിച്ചു പന്തെറിയാനും വിക്കറ്റിലെ വ്യതിയാനങ്ങൾ ഉപയോഗിച്ച് ബാറ്റർമാരെ പൂട്ടിയിടാനും അദ്ദേഹത്തിന് സാധിക്കും.

വരുൺ ചക്രവർത്തി തന്‍റെ റിസ്റ്റ് സ്പിൻ കൊണ്ട് സ്റ്റമ്പ്-ടു-സ്റ്റമ്പ് ലൈനിൽ പന്തെറിയുന്നത് പോലെ ഭുവനേശ്വറിന്‍റെ പ്രധാന കരുത്തും ഇതുതന്നെയായിരിക്കും. ഭുവനേശ്വർ തിരിച്ചുവരവിൽ തിളങ്ങുമെന്നതിൽ സംശയമില്ല, ഈ തീരുമാനത്തിന് സെലക്ടർമാർ അഭിനന്ദനം അർഹിക്കുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. 2022 നവംബറിലാണ് ഭുവനേശ്വർ കുമാർ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്. ഒക്ടോബർ 22-ന് ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലൂടെ താരം വീണ്ടും നീലക്കുപ്പായത്തിൽ ഇറങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക