മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹല്‍ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. ഇതോടെയാണ് വിവാദം പുകഞ്ഞത്. കണ്‍ക്കഷന്‍ അനുവദിച്ചത് ചട്ടലംഘനമാണെന്ന് പലരും അഭിപ്രായപ്പെട്ടു.  

കാന്‍ബറ: കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിച്ചതാണ് വിവാദമായത്. രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചാഹലിനെ കൊണ്ടുവരികയായിരുന്നു. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹല്‍ മാന്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. ഇതോടെയാണ് വിവാദം പുകഞ്ഞത്. കണ്‍ക്കഷന്‍ അനുവദിച്ചത് ചട്ടലംഘനമാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇതുതന്നെയാണ് പറയുന്നത്. കണ്‍ക്കഷന്‍ ചട്ടലംഘനമാണെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ജഡേജയെ പരിശോധിക്കാന്‍ ഫിസിയോ ഗ്രൗണ്ടിലേക്കെത്തിയിരുന്നില്ല. ഇതാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്തത്. ''ജഡേജയ്ക്ക് ഏറുകൊണ്ട് സമയത്ത് ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് വന്നിരുന്നില്ല. ജഡേജ ബാറ്റിങ് തുടരുകയും ചെയ്തു. തലയില്‍ പന്തുകൊണ്ട് സമയത്ത് ടീം ഫിസിയോ ജഡേജയ്ക്കൊപ്പം സമയം ചിലവിട്ട് അവസ്ഥയെക്കുറിച്ച് ചോദിച്ച് അറിയണമായിരുന്നു. മാച്ച് റഫറി ഇക്കാര്യത്തില്‍ വിശദീകരണം ആവിശ്യപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്.'' മഞ്ജരേക്കര്‍ വ്യക്താക്കി.

ജഡേജയ്ക്ക് പകരം ചഹാലിനെ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറടക്കം ചോദ്യം ചെയ്തിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിച്ചു. മുന്‍ ഓസീസ് താരവും പരിശീലകനുമായ ടോം മൂഡിയും കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ട് വിഷയത്തില്‍ പ്രതികരിച്ചു.

ജഡേജയുടെ പരിക്കിലാണ് മുന്‍ ഇംഗ്ലീഷ് താരം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വോണിന്റെ ട്വീറ്റ് ഇങ്ങനെ... ''ജഡേജയ്ക്കു കണ്‍കഷന്‍ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഡോക്ടറോ, ഫിസിയോയോ ഗ്രൗണ്ടിലേക്കു വന്നിട്ടില്ല. കാലിന് എന്തോ പരിക്കുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത്. പിന്നീട് അവര്‍ കണ്‍കഷന്‍ പകരക്കാരനെ ഇറക്കുകയും ചെയ്തു.'' വോണ്‍ വ്യക്തമാക്കി.