സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയതിന് എതിരെ വിമർശനവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. രോഹിത്തിനെ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കാമായിരുന്നു എന്നാണ് മഞ്ജരേക്കറുടെ നിർദേശം.

ആറാം നമ്പറില്‍ രോഹിത്തിന്‍റേത് മോശം കണക്കുകള്‍ അല്ല. 25 ഇന്നിംഗ്സ് രോഹിത് ആറാം നമ്പറിൽ കളിച്ചിട്ടുണ്ട്. അടുത്തിടെ രോഹിത് ടെസ്റ്റില്‍ ഓപ്പണിംഗിലേക്ക് വന്നു. അവിടേയും മികച്ച ബാറ്റിംഗ് ശരാശരി രോഹിത്തിനുണ്ട്. എന്നാല്‍ വിദേശത്ത് ഒരിക്കലും രോഹിത് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിട്ടില്ല.ഇതിന് മുന്‍പ് ഓസ്‌ട്രേലിയയിലേക്ക് വന്നപ്പോള്‍ മധ്യനിരയിലാണ് രോഹിത് കളിച്ചത്. ഇവിടെ സ്വിംഗിന് എതിരെ രോഹിത് എങ്ങനെ കളിക്കും എന്ന് നോക്കേണ്ടതുണ്ട്.

കളിക്കാരെ സെലക്ട് ചെയ്യാനുള്ള തന്ത്രമല്ല, പുറത്താക്കാനുള്ള തന്ത്രങ്ങളാണ് ടീം സ്വീകരിച്ചതെന്നും താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ മായങ്കിനെ ടീമില്‍ നിലനിര്‍ത്തുമായിരുന്നുവെന്നും മഞ്ജരേക്കർ പറഞ്ഞു. മായങ്ക് യുവതാരമാണ്.  അയാള്‍ മികച്ച ഫോമിലുമാണ്. രോഹിത്തിനെ ഓപ്പണറാക്കണമെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കാമായിരുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മായങ്കിന് 31 റണ്‍സെ ആകെ നേടാനായുള്ളു. ഈ സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റില്‍ മായങ്കിന് പകരം രോഹിത് എത്തിയത്.