Asianet News MalayalamAsianet News Malayalam

ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായി; രൂക്ഷ വിമര്‍ശനവുമായി മഞ്ജരേക്കര്‍

ഒരു അര്‍ധ സെഞ്ചുറി പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായില്ല. തോല്‍വിക്ക് നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചതൊക്കെ പ്രശ്‌നമായി ചൂണ്ടി കാണിക്കുന്നവരുണ്ട്.

Sanjay Manjrekar takes dig at Ravindra Jadeja again
Author
New Delhi, First Published Jun 25, 2021, 3:55 PM IST

ദില്ലി: ദയനീയമായിരുന്നു ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രകടനം. ന്യൂസിലന്‍ഡിന്റെ പേസ് പടയ്‌ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ ദയനീയമായി കിഴടങ്ങി. ഒരു അര്‍ധ സെഞ്ചുറി പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായില്ല. തോല്‍വിക്ക് നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചതൊക്കെ പ്രശ്‌നമായി ചൂണ്ടി കാണിക്കുന്നവരുണ്ട്.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായെന്നാണ്്. മഞ്ജരേക്കറും ജഡേജയും തമ്മില്‍ മുമ്പ് വാക്‌പോര് ഉണ്ടായിട്ടുണ്ട്. മഞ്ജരേക്കര്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത താരമാണ് ജഡേജ. ഇടങ്കയ്യനെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് പറയാന്‍ അദ്ദേഹത്തിന് കാരണവുമുണ്ട്. 

മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ... ''മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് വലിയ തിരിച്ചടിയായത്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് ജഡേജ ടീമിലെത്തിയതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ ഹനുമ വിഹാരിയെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ്  ബാറ്റ്‌സ്മാന്‍ ടീമിനൊപ്പമുള്ളപ്പോള്‍ എന്തിനാണ് ജഡേജ? വരണ്ടതും കുത്തിതിരിയുന്നതമായ പിച്ചായിരുന്നെങ്കില്‍ ജഡേജയെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. 

എന്നാല്‍ ഈ സാഹചര്യത്തില്‍ വിഹാരിയാണ് കളിക്കേണ്ടിരുന്നത്. സാങ്കേത്തിക തികവുള്ള ബാറ്റ്‌സ്മാനാണ് വിഹാരി. അദ്ദേഹം ടീമുലണ്ടായിരുന്നെങ്കില്‍ അല്‍പംകൂടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഒരു സ്പിന്നര്‍ക്ക് പകരം പേസ് ഓള്‍റൗണ്ടറാണ് ഇന്ത്യക്ക് വേണ്ടിയിരുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി മത്സരശേഷം വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡ് നാല് പേസര്‍മാരുമായിട്ടാണ് കളിച്ചത്.

Follow Us:
Download App:
  • android
  • ios