ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ക്കെല്ലാം ടീമില്‍ അവസരം നല്‍കി. 

മുംബൈ: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ക്കെല്ലാം ടീമില്‍ അവസരം നല്‍കി. 20 അംഗ ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. മുന്‍ ഇന്ത്യന്‍ നായകനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍.

ഇപ്പോള്‍ ടീം പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടീം പ്രഖ്യാപനത്തില്‍ അദ്ദേഹം സന്തോഷവാനാണെങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം അതൃപ്തി വ്യക്തമാക്കി. ജയ്‌ദേവ് ഉനദ്കട്ടിനെ ടീമിലെ ഉള്‍പ്പെടുത്താത്തതിലാണ് അദ്ദേഹത്തിന് നിരാശ. 

മഞ്ജരേക്കറുടെ വാക്കുകള്‍... ''ഉനദ്കട്ടിനെ കൈകാര്യം ചെയ്ത രീതിയിലാണ് എനിക്ക് എതിര്‍പ്പുള്ളത്. ഇത്രത്തോളം പരിചയസമ്പത്തുള്ള ഒരു താരത്തെ തഴയരുതായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിന് ആഭ്യന്തര ടൂര്‍ണമെന്റിലും മികച്ച റെക്കോഡുണ്ട്. അങ്ങനെയൊരു താരത്തെ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അത്രത്തോളം ശക്തമല്ല. കാരണം പ്രധാന ബൗളര്‍മാരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലാണ്്. 

ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പോലെ പരിചയസമ്പത്തുള്ള ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. നവ്ദീപ് സൈനി, ഭുവനേശ്വര്‍ കുമാര്‍, ചേതന്‍ സക്കറിയ, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഉനദ്കട്ട് ടീമിലുള്ളത് ടീമിന് കരുത്താകുമായിരുന്നു.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20മാണ് ഇന്ത്യ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. ആദ്യ ടി20 മത്സരം 21ന് നടക്കും.