ചെന്നൈയ്ക്ക് എതിരെ 41 റൺസ് നേടിയതോടെയാണ് സഞ്ജുവിനെ തേടി പുതിയ റെക്കോര്‍ഡ് എത്തിയത്. 

ജയ്പൂർ: ഐപിഎല്ലിൽ പുത്തൻ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായി സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് സഞ്ജുവിനെ തേടി അഭിമാന നേട്ടമെത്തിയത്. 31 പന്തുകളിൽ നിന്ന് 41 റൺസ് നേടിയതോടെ രാജസ്ഥാൻ റോയൽസിന് വേണ്ടി 4,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി സഞ്ജു മാറി. സഞ്ജുവും മുൻ താരം ജോസ് ബട്ലറും മാത്രമേ രാജസ്ഥാന് വേണ്ടി 3,000 റൺസിലധികം നേടിയിട്ടുള്ളൂ എന്നതാണ് മറ്റൊരു സവിശേഷത. 

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2013 ലെ ചാമ്പ്യൻസ് ലീഗിൽ രാജസ്ഥാൻ ഫൈനലിലെത്തിയപ്പോഴും സഞ്ജു ടീമിലുണ്ടായിരുന്നു. ആകെ 150 ഇന്നിംഗ്‌സുകളിൽ നിന്ന് 31.96 ശരാശരിയിൽ സഞ്ജു 4,219 റൺസ് നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ 172 ഇന്നിംഗ്‌സുകളിൽ നിന്ന് 30.94 ശരാശരിയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 4,704 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഡൽഹി ഡെയർഡെവിൾസിനായി ഒരു സെഞ്ച്വറി ഉൾപ്പെടെ 677 റൺസ് അദ്ദേഹം നേടിയിരുന്നു. 2013 മുതൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ ഭാഗമാണ് സഞ്ജു. 2021 സീസണിന് മുമ്പാണ് ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചത്. രാജസ്ഥാൻ കളിക്കാതിരുന്ന 2016, 2017 സീസണുകളിൽ സഞ്ജു ഡൽഹിക്ക് വേണ്ടിയാണ് കളിച്ചത്. 2018ൽ ടൂർണമെന്റിലേയ്ക്ക് രാജസ്ഥാൻ തിരിച്ചെത്തിയപ്പോൾ മെഗാ ലേലത്തിൽ സഞ്ജുവിനെ വീണ്ടും രാജസ്ഥാൻ ഫ്രാഞ്ചൈസി സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്തായി. 14 മത്സരങ്ങളിൽ നിന്ന് വെറും 4 ജയങ്ങൾ സ്വന്തമാക്കാൻ മാത്രമേ സഞ്ജുവിനും സംഘത്തിനും കഴിഞ്ഞുള്ളൂ. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ജോസ് ബട്ലർ, ട്രെൻഡ് ബോൾട്ട് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളെ ഇത്തവണ വിട്ടുകളഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയിലായതുമാണ് ടീമിന് തിരിച്ചടിയായത്. ലീ​ഗിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ ആശ്വാസ ജയം സ്വന്തമാക്കിയാണ് രാജസ്ഥാൻ മടങ്ങിയത്. മെയ് 25 ന് അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ചെന്നൈ വലിയ മാർജിനിൽ തോൽപ്പിച്ചാൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ അവസാന സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടേക്കാം.