ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യ പരമ്പര ലക്ഷ്യമിട്ട് ഇറങ്ങുന്നു. മോശം ഫോമിലുള്ള തിലക് വർമയ്ക്ക് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ബിസ്‌ബേന്‍: ഓസ്ട്രേലിയക്കെതിരെ നാളെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. നാളെ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ആവട്ടെ പരമ്പര ഒപ്പമെത്തിക്കാനാണ് ശ്രമിക്കുന്നത്. ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു മത്സരം മാത്രം ശേഷിക്കെ സഞ്ജുവിനെ കളിപ്പിക്കുമോ അതോ വിന്നിംഗ് സ്‌ക്വാഡിനെ നിലനിര്‍ത്തുമോ എന്ന് കണ്ടറിയാം. മൂന്നും നാലും ടി20യില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍.

വിജയിച്ച ടീമിനെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സഞ്ജുവിനെ ഒരിക്കല്‍ കൂടി തഴഞ്ഞേക്കാം. മൂന്നാം മത്സരത്തിന് ശേഷം ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വലിയ മാറ്റമൊന്നും പ്രതീക്ഷേണ്ടതില്ല. ആകെ വരാനുള്ള ഒരു മാറ്റം മോശം ഫോമില്‍ കളിക്കുന്ന തിലക് വര്‍മയെ മാറ്റി സഞ്ജുവിനെ കളിപ്പിക്കുകയെന്നുള്ളതാണ്. ഈ ടി20 പരമ്പരയില്‍ തിലകിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. മൂന്ന് ഇന്നിംഗ്‌സുകള്‍ കളിച്ച തിലക് 34 റണ്‍സ് മാത്രമാണ് നേടിയത്. സഞ്ജു വന്നാലും ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായും തുടരാനാണ് സാധ്യത.

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം തുടരും. സൂര്യകുമാര്‍ യാദവ് മൂന്നാമന്‍. നാലാം സ്ഥാനത്ത് തിലക്, അല്ലെങ്കില്‍ സഞ്ജുവോ കളിക്കും. പിന്നാലെ അക്‌സര്‍ പട്ടേല്‍. തുടര്‍ന്ന് വാഷിംഗ്ടണ്‍ സുന്ദറും ജിതേഷും ക്രീസിലെത്തും. ശിവം ദുബെ ഓള്‍റൗണ്ടറായി സ്ഥാനം നിലനിര്‍ത്തും. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് എന്നിവര്‍ പേസര്‍മാരായി ടീമിലുണ്ടാവും. വാഷിംഗ്ടണ്‍ സുന്ദര്‍ സ്പിന്നര്‍.

അഞ്ചാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ / സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ശിവം ദുെബ, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

YouTube video player